
ഗുവാഹത്തി: വാര്‍ത്തയെന്ന വ്യാജേനെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് അസം മുഖ്യമന്ത്രിക്കും ബി.ജെ.പി. നേതാക്കള്‍ക്കുമെതിരേ പരാതിയുമായി കോണ്‍ഗ്രസ്.
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍, ജെ.പി. നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ്, മറ്റ് എട്ടു ബി.ജെ.പി. നേതാക്കള്‍ എന്നിവര്‍ക്കെതിരേയാണ് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ 27-നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അപ്പര്‍ അസം മേഖലയില്‍ ബി.ജെ.പിക്കു വിജയം പ്രവചിച്ചു നല്കി വാര്‍ത്ത പരസ്യമാണെന്ന് ആരോപിച്ചാണ് ദിസ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു, ജനപ്രാതിനിധ്യ നിയമത്തിലെ 126 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അസം കോണ്‍ഗ്രസ് നിയമവിഭാഗം ചെയര്മാന് നിരന് ബോറ പരാതി നല്‍കിയത്.
ബി.ജെ.പി. നേതൃത്വവും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണം നല്കി വാര്‍ത്തയെന്ന വ്യാജേനെ പരസ്യം പ്രസിദ്ധീകരിക്കുകയാണെന്നും ഇതിനെതിരേ കര്‍ശന നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.



