
ചെന്നൈ: ബിജെപി എംഎല്‍എ മാരെ കൊണ്ടുപോയി ഭരണം അട്ടിമറിക്കാതിരിക്കാനാണ് തമിഴ്നാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറച്ചു നല്‍കിയതെന്ന് ഡിഎംകെ നേതാവ് കനിമൊഴി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോണ്ടിച്ചേരിയില്‍ വരെ ബിജെപി ഭരണം അട്ടിമറിച്ച സാഹചര്യത്തില്‍ മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കനിമൊഴിയുടെ പ്രതികരണം.
പ്രീ പോള്‍ സര്‍വേകളെല്ലാം തമിഴ്നാട്ടില്‍ ഇത്തവണ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചനം നടത്തിയിരിക്കെയാണ് ഡിഎംകെ കരുതല്‍ എടുക്കുന്നത്. 234 സീറ്റുകളില്‍ കഴിഞ്ഞ തവണ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 25 സീറ്റുകളാണ് ഡിഎംകെ അനുവദിച്ചത്. പലയിടങ്ങളിലും അധികാരത്തിലിരുന്ന സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചു. സമാനഗതി തന്നെ പോണ്ടിച്ചേരിയിലും കണ്ടു. അതു കൊണ്ട് കൂടുതല്‍ സീറ്റുകളില്‍ ഡി.എം.കെ ജയിച്ചിട്ടേ കാര്യമുള്ളു. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസും മുന്നണിയില്‍ നില്‍ക്കുന്നതെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്ന് നേരത്തേ കനിമൊഴി മറ്റൊരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നേരത്തേ പറഞ്ഞിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് കാര്യമായ റോളില്ലെന്നും പക്ഷേ തമിഴ്നാടിനെ നയിക്കുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഇരുന്ന് ഭരിക്കപ്പെടുന്ന സര്‍ക്കാരാണെന്നും പറഞ്ഞു.
ജയലളിതയുടെ കാലത്ത് അങ്ങിനെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എഐഎഡിഎംകെയില്‍ തീരുമാനം എടുക്കാന്‍ ആളില്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ദയാവായ്പില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇത്. ഒന്നുകില്‍ പാര്‍ട്ടി പിളരുമോ എന്നും അല്ലെങ്കില്‍ മുടങ്ങിക്കിടക്കുന്ന കേസുകളുമായി കേന്ദ്രം മുമ്പോട്ട് പോകുമോ എന്നും എഐഎഡിഎംകെ നേതാക്കള്‍ ഭയക്കുന്നതായും പറഞ്ഞു.






