
അഹമ്മദാബാദ്: വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാണെന്ന് ഗുജറാത്ത്. ഇതിനെതിരെ ഹുജറാത്ത് നിമസഭ ഭേദഗതി ബില്‍ പാസാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പരമാവധി അഞ്ചുലക്ഷം രൂപ പിഴയും പത്തു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് നിയമഭേദഗതിയില്‍ വ്യക്തമാക്കി. ബലംപ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന 2003 ലെ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമം നേരത്തെ നടപ്പാക്കിയിരുന്നു.
ഭേദഗതി അനുസരിച്ച് വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം, അല്ലെങ്കില്‍ മതംമാറ്റത്തിനുവേണ്ടി ഒരു വ്യക്തിയെ വിവാഹം ചെയ്യുക, ഇത്തരത്തില്‍ വിവാഹം ചെയ്യാന്‍ മറ്റൊരു വ്യക്തിയെ സഹായിക്കുക ഇവയെല്ലാം കുറ്റകരമാണ്. മൂന്നുമുതല്‍ അഞ്ചു വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരോ സ്ത്രീകളോ പട്ടികജാതി, പട്ടിക വര്‍ഗക്കാരോ ആണെങ്കില്‍ ശിക്ഷ നാലുമുതല്‍ ഏഴുവര്‍ഷം വരെയാകും. ഏതെങ്കിലും സംഘടനാ ഭാരവാഹികളാണ് ഇതിന് നേതൃത്വം നല്കുന്നതെങ്കില് ശിക്ഷ 10 വര്‍ഷവരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാം.
ഒരു ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് നിയമസഭയില്‍ ബില്‍ പാസ്സാക്കിയത്. മതപരിവര്‍ത്തനം എന്ന് ആരോപിച്ച് ലൗജിഹാദ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചു.






