
കോഴിക്കോട് : വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസീകമായി പീഡിപ്പിക്കുന്നുവെന്നും, മലപ്പുറത്ത് പര്‍ദ്ദയിട്ടു നടക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും അതുകൊണ്ട് വോട്ടര്‍മാരെ പറ്റിക്കാന്‍ താത്പര്യമില്ലെന്നും സ്വമേധയാ പിന്മാറുന്നുവെന്നും അനന്യ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് അനന്യ. ട്രാന്‍സ്ജെന്‍ഡറുടെ പ്രശ്നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം, എന്നാല്‍ ഈ പാര്‍ട്ടിയില്‍ അത് സാധ്യമല്ല. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണന്നും അനന്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരും തന്റെ പേരില്‍ ഡിഎസ് ജെപിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് തന്നെ കൊണ്ടുവന്നത്. എന്നാല്‍ ഇതിന്റെ ചതിക്കുഴികളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും , വോട്ടര്‍മാരെ പറ്റിക്കാന്‍ താത്പര്യമില്ലെന്നും അനന്യ പറഞ്ഞു.
മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയുമായ അനന്യ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ്.






