
അട്ടപ്പാടി: തിരഞ്ഞെടുപ്പ് ജോലിക്കെത്തി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ പോളിംഗ് ഉദ്യോഗസ്ഥയുടെ പരിക്ക് ഗുരുതരം. വിദ്യാലയക്ഷ്മി എന്ന ഉദ്യോഗസ്ഥയാണ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി.
നട്ടെല്ലിലെ മൂന്ന് കശേരുക്കള് പൊട്ടിയ നിലയിലാണ്. 10,11,12 കശേരുക്കളില്‍ 12നാണ് കൂടുതല്‍ പരിക്ക്. ഇത് ഞരമ്പുകളില്‍ തറച്ചുകയറി ഞരമ്പുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാലുകള്‍ തളര്‍ന്ന അവസ്ഥയിലാണ്. ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ ഭാഗങ്ങള്‍ ശരിയാക്കുകയും പൊട്ടിയ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തുവെന്നും പരിക്കുകകള്‍ ഭേദപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പോളിംഗ് ജോലിക്കായി തിങ്കളാഴ്ച വൈകിട്ടാണ് വിദ്യാലക്ഷ്മി അഗളി ജി.വി.എച്ച്.എസ് സ്കൂളില്‍ എത്തിയത്. 150ാം നമ്പര്‍ ബൂത്തിലെ പോളിംഗ് ഓഫീസറായിരുന്നു. സ്കൂള്‍ കെട്ടിടത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ കുളിമുറിയില്‍ പോയി വന്ന ഇവര്‍ ഗോവണി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണത്. കെട്ടിടത്തിന് കൈവരി ഇല്ലാത്തതും ഇരുട്ടത്ത് ഗോവണി കണ്ടെത്താനാവാത്തുമാണ് അപകടത്തിനിടയാക്കിയത്. രണ്ടു കെട്ടിടങ്ങള്‍ക്കുമിടയില്‍ 20 അടിയോളം താഴ്ചയിലേക്കാണ് വിദ്യാലക്ഷമി വീണത്.






