
തിരുവനന്തപുരം: കേരളത്തിലെ രണ്ടു പ്രമുഖ മുന്നണികള്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാകും മേയ് രണ്ടിന്റെ തെരഞ്ഞെടുപ്പ് ഫലം.
* യു.ഡി.എഫ്: അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിന് ഇക്കുറി അധികാരത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെ സംബന്ധിച്ചാണ് ഇത് ഏറെ പ്രസക്തമാകുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രത്യേകിച്ചും.
പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ഗാന്ധി ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കൂടി കേരളത്തില്‍ മികച്ചവിജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരനഷ്ടം വലിയ തിരിച്ചടിയാകും. അതേ അവസ്ഥതന്നെയാണ് മുസ്ലീംലീഗിലും ജോസഫ് ഗ്രൂപ്പിലും.
* ഇടതുമുന്നണി: യു.ഡി.എഫിന്റെ അതേ അവസ്ഥയില്‍ തന്നെയാണ് ഇടതുമുന്നണിയും. പ്രത്യേകിച്ച് സി.പി.എം. ബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും തുടച്ചുനീക്കപ്പെട്ട സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ പരാജയം പാര്‍ട്ടിയുടെ നിലനില്‍പ്പുപോലും ചോദ്യംചെയ്യും. ഈ സര്‍ക്കാര്‍ ഇല്ലാതായാല്‍ അത് ദേശീയതലത്തില്‍ തന്നെ ഇടതുകക്ഷികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാകും.
'* ചെറുകക്ഷികള്‍: കേരളാ കോണ്‍ഗ്രസുകള്‍ ഉള്‍പ്പെടെ അരഡസനോളം ഇത്തരം പാര്‍ട്ടികളുടെ ഭാവികൂടിയാണു തീരുമാനിക്കപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ്(എം), ജോസഫ് ഗ്രൂപ്പ്, ജേക്കബ് ഗ്രൂപ്പ്, പിള്ള ഗ്രൂപ്പ്, ആര്.എസ്.പി, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് (എസ്.), എസ്.ജെ.ഡി, ആര്.എം.പി മുതല്‍ പി.സി. ജോര്‍ജ് വരെയുള്ളവരുടെ ഭാവി നിര്ണയിക്കുന്നതുകൂടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം. ഇതില്‍ ഒന്നുമുതല്‍ 12 സീറ്റില്‍ വരെ മത്സരിക്കുന്ന പാര്‍ട്ടികളാണുള്ളത്.






