
ലക്നൗ: ഇന്ത്യ മുഴുവന്‍ വന്‍ ചര്‍ച്ചയായി മാറിയ ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുന്‍ ബിജെപി മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെംഗാറിന്റെ ഭാര്യയ്ക്ക് ജില്ലാ പഞ്ചായത്തില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നല്കി. ഉന്നാവോ ബലാത്സംഗക്കേസില്‍ കുല്‍ദീപ് സിംഗ് സെംഗറിനെ കോടതി ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി സെംഗാറിനെ പുറത്താക്കിയെങ്കിലും ഭാര്യ സംഗിത സെംഗറിന് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഫത്തേപൂര്‍ ചൗരസി മേഖലയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് സ്ഥാനാര്ത്ഥിയായിയായിട്ടാണ് സംഗീതയ്ക്ക് ബിജെപി സീറ്റ് നല്‍കിയത്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. നാലു തവണ ബിജെപി ടിക്കറ്റില്‍ ബംഗര്‍മാവില്‍ നിന്നും ജയിച്ചയാളാണ് കുല്‍ദീപ് സെംഗാര്‍. എംഎല്‍എ ആയിരിക്കെയാണ് ഉന്നാവോ കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതോടെ കുല്‍ദീപിനെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ബലാത്സംഗക്കേസില്‍ പ്രതിയായതോടെ 2017 ല്‍ ലാണ് കുല്‍ദീപ് സിംഗ് സെംഗാറിനെ അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റില്‍ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും അതിനുശേഷം നിയമസഭയിലെ അംഗത്വവും ഒഴിവാക്കി. 2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് പ്രശ്നം പുറത്തായത്.
ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരണമടഞ്ഞു. ഇതിന് പിന്നാലെ 2019 ജൂലൈയില്‍ റായ്ബറേലിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാറപകടത്തിന് പിന്നില്‍, താന്‍ നല്കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്ഗാറെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയും രണ്ടു ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ തല്‍ക്ഷണം മരിച്ചെങ്കിലും പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുല്‍ദീപ് സിംഗ് സെംഗറിനെ കോടതി ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അതേസമയം, ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍, സെംഗാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുറ്റവാളി തന്റെ സ്വാഭാവിക പ്രായത്തിന്റെ അവസാന ശ്വാസം വരെ ജയിലില്‍ തുടരുമെന്ന് കോടതി പറഞ്ഞു.






