
ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന് കുറവ് പരിഹരിക്കാന്‍ സ്പുട്നിക് വാക്സിന് എത്തിക്കുന്നു. പത്തു ദിവസത്തിനുള്ളില്‍ സ്പുട്നിക് വാക്സിന് രാജ്യത്ത് അനുമതി നല്‍കുമെന്നാണ് വിവരം. ഇതിനുപുറമെ അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും. സംസ്ഥാനങ്ങളില്‍ വാക്സിന് ക്ഷാമമുണ്ടെന്നും അത് പരിഹരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്ത് വാക്സിന്ക്ഷാമമില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാല്‍ പുതിയ വാക്സിനുകള്‍ക്ക് അനുമതി നല്കാന് കേന്ദ്രം ചര്‍ച്ച ചെയ്യുന്നതിലൂടെ രാജ്യത്ത് വാക്സിന്ക്ഷാമമുണ്ടെന്നു സമ്മതിക്കുകയാണ്.
രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും ഇതോടൊപ്പം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെമ്പാടും വാക്സിന്റെ മൂന്നാംഘട്ട വിതരണം നടക്കുമ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ ആരോഗ്യമന്ത്രാലയവും ആശങ്ക പ്രകടിപ്പിക്കുകയാണ്.
കോവിഡ് രണ്ടാം വരവ് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചതോടെ ഇന്നുമുതല്‍ മാസ് കോവിഡ് വാക്സിനേഷന് ആരംഭിക്കുകയാണ്. നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പലസംസ്ഥാനങ്ങളും വാക്സിനേഷന് ആരംഭിച്ചു. രാജ്യത്ത് ഇതുവരെ 10,15,95,147 ആളുകള്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും പല സംസ്ഥാനങ്ങളിലും വാക്സിന് ക്ഷാമവും രൂക്ഷമാവുകയാണ്. നിലവിലെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്സിന് ലഭ്യത ഉറപ്പുവരുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ തിരുത്തുന്നത്.






