
തിരുവനന്തപുരം: മന്‍സൂര്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. മന്‍സൂര്‍ വധത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട. പ്രതി രതീഷിന്റെ മരണം മര്‍ദ്ദനമേറ്റ ശേഷമാണെന്നും കൂട്ടുപ്രതികളാണ് കെട്ടിത്തൂക്കിയതെന്നും സുധാകരന് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മന്‍സൂര്‍ വധത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് വളയത്ത് ഒരു സഖാവിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ച് രണ്ടാം പ്രതി രതീഷ് കൊലപാതകത്തിനും ആസൂത്രണമിട്ട പ്രദേശിക നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. ഇതേചൊല്ലി കൂട്ടുപ്രതികളുമായി തര്‍ക്കമുണ്ടായി. ഇവരുടെ മര്‍ദ്ദനത്തില്‍ രതീഷ് ബോധരഹിതനായി. ഈ സമയം രതീഷിനെ കൂട്ടുപ്രതികള്‍ കെട്ടിത്തൂക്കിയതാണെന്നും സുധാകരന് പറഞ്ഞു. രതീഷിന്റെ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതാണ്. എന്നാല്‍ മന്‍സൂര്‍ വധത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാകരന് പറഞ്ഞു.
മന്‍സൂറിനെ വധിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കൊലപാതകത്തിന് നിയോഗിച്ച നേതാവ് സംരക്ഷിക്കുന്നില്ല എന്ന തോന്നല്‍ രതീഷിനുണ്ടായി. ഇത് അയാള്‍ കൂട്ടുപ്രതികളോടു പറയുകയും നേതാവിനെതിരെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമെല്ലാം ആ വീട്ടുടമ തന്നെ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. വീട്ടുടമയ്ക്ക് മന്‍സൂര്‍ വധത്തില്‍ പങ്കില്ല. പ്രതികള്‍ക്ക് ഒളിത്താവളം നല്‍കിയെന്ന കുറ്റം മാത്രമേയുളളൂവെന്നും സുധാകരന് പറഞ്ഞു.
ആ നേതാവിന്റെ പേര് തനിക്കറിയാം. ഈ ഘട്ടത്തില്‍ അത് പറയുന്നില്ല. മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത് പനോളി വത്സണ്‍ ആണ്. തിരഞ്ഞെടുപ്പിന് ചുമതലയുണ്ടായിരുന്ന ബൂത്തുകളില്‍ ലോക്കല്‍ സെക്രട്ടറിയായ അദ്ദേഹം എന്തുകൊണ്ട് വന്നില്ല എന്നതാണ് ഗൂഢാലോചനയില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവെന്നും സുധാകരന് പറഞ്ഞു.






