
സമൂഹത്തിലെ ഡിപ്രസ്ഡ് ക്ലാസ്സസ്സിന്റെ സെന്ററില്‍ വെച്ച് ക്യാമറ തിരിച്ചിട്ടുള്ള സംവിധായകര്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികമില്ല. ആരും പറയാന്‍ അധികം ഇഷ്ടപ്പെടാത്തതും അത്രയധികം സിനിമയ്ക്ക് വിഷയമാക്കിയിട്ടില്ലാത്തതുമായ ദളിത ജീവിതങ്ങളെക്കുറിച്ചുള്ള ഫ്രെയിമുകള്‍ പക്ഷേ അടുത്ത കാലത്ത് തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബാല, വെട്രിമാരന്, പാ രഞ്ജിത്ത് തുടങ്ങിയ ഈ തലമുറയില്‍ കണ്ണി ചേര്‍ന്നിരിക്കുകയാണ് കര്ണന് സിനിമയുടെ അമരക്കാരന് മാരി സെല്‍വരാജ്.
ആദ്യ സിനിമയായ പരിയേറും പെരുമാളില്‍ നിന്നും രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ അടിയാള വര്‍ഗ്ഗത്തിന്റെ ഉള്ളിലൂടെ കടന്ന് സാമൂഹ്യ വിവേചനത്തിനും അടിച്ചമര്ത്തലിനുമെതിരേയുള്ള മാരിയുടെ ട്രീറ്റ് മെന്റിന് ഡോസ് കൂടുന്നു.
ഇന്ത്യയില്‍ ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് രണ്ടു രീതിയുണ്ട്. ഒന്ന് ദളിതനല്ലാത്തയാള് ദളിതജീവിതങ്ങളെ കുറിച്ച് ദാരിദ്ര്യത്തിലും ദൈന്യതയിലും മാത്രം ഊന്നി സഹാനുഭൂതി സൃഷ്ടിക്കുന്ന പുറം കാഴ്ചകള്‍. രണ്ടാമത്തേത് ദളിത് വംശീയതയില്‍ ജനിച്ചയാള്‍ നേരിട്ട് അനുഭവിച്ചു ശീലിച്ച പുറമേ കാണാത്ത ഉള്ളുലയ്ക്കുന്ന നിസ്സഹായതയുടെ അകം കാഴ്ചകള്‍. രണ്ടാമത്തേതില്‍ വിവേചനം, നീതിനിഷേധം, പീഡനം, അവസരനിഷേധം, അന്ധവിശ്വാസം, അപകര്‍ഷതാബോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത തരം പ്രതിസന്ധികളുണ്ട്.
കര്ണന് സിനിമയിലെ കാഴ്ചകള്‍ നൊമ്പരപ്പെടുത്തുകയും രോഷം കൊള്ളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ നിറം കലര്‍ത്തി മാരി സ്വത്ത്വത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സിനിമ ചെയ്യുന്നത് കൊണ്ടു കൂടിയാണെന്ന് നിസ്സംശയം പറയാം. ഇന്ത്യയില്‍ അടിത്തട്ടുകാര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളില്‍ ഉന്നത കുലജാത മഹിമയുടെ ഈഗോയില്‍ നിന്നുള്ള നീതി നിഷേധങ്ങള്‍ വരെയുണ്ടെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ആക്ഷന്‍ത്രില്ലര്‍ എന്ന ടൈറ്റില്‍ കാര്‍ഡിലാണ് വന്നതെങ്കിലും അതിനും അപ്പുറത്ത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ചെറുത്തു നില്‍പ്പും അധികാരവര്‍ഗ്ഗവും തമ്മിലുള്ള പോരാട്ടവുമാണ് കര്ണന് പറഞ്ഞു വെക്കുന്നത്.
അധിനിവേശങ്ങളെ ചെറുക്കാന്‍ സ്വന്തം കൂട്ടായ്മ ഉണ്ടാക്കുന്നതിന്റെ കഥ പറയുന്ന ലോക ക്ലാസ്സിക്കുകളിലെ വിഖ്യാത സിനിമ സെവന് സമുറായി പോലെയോ ക്ളെബര് മെന്ഡോങ്കാ ഫിലോയും ജൂലിയാനോ ഡോര്നെല്ലിയും ഒരുക്കിയ ബ്രസീലിയന്‍ ചിത്രം ബക്കൂറൂ പോലെയോ മാനുഷീക മൂല്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഒരു ചെറിയ ഗ്രാമം നടത്തുന്ന ചെറുത്തു നില്‍പ്പാണ് സിനിമ.
ഒരിക്കലും ബസ് നിര്‍ത്താത്ത പൊടിയന്‍കുളം
അടിയാള വിഭാഗത്തില്‍ പെടുന്നവര്‍ താമസിക്കുന്ന പൊടിയംകുളം എന്ന ഗ്രാമത്തെയും അവിടുത്തെ ഒരു ബസ് സ്റ്റോപ്പിനെയും പരിസരമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. ഒരാള്‍ മരിക്കാന്‍ കിടന്നാല്‍ കൂടി വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന ഇടമാണ് പൊടിയന്‍കുളം. നിത്യവര്ത്തിക്ക് ജോലിക്ക് പോകുന്നവര്‍, നഗരത്തിലെ കോളേജില്‍ പഠിക്കാന്‍ പോകുന്നവര്‍, ആശുപത്രിയിലേക്ക് പോകുന്നവര്‍ തുടങ്ങി ബസ് യാത്രക്കാരായി ഗ്രാമത്തെ ആശ്രയിച്ച് അനേകര്‍ ഉണ്ടെങ്കിലും ഒരിക്കലും ബസ് നിര്‍ത്താറില്ല. മാത്രമല്ല ഇവിടെ എത്തുമ്പോള്‍ അവ അതിവേഗത്തില്‍ പായുകയും ചെയ്യും.
വഴിയേ വരുന്ന ട്രാക്ടറുകളും ലോറികളുമാണ് അപരിഷ്കൃതരായ ഗ്രാമീണര്‍ക്ക് ഗതാഗതത്തിന് ബദല്‍ മാര്‍ഗ്ഗം. അല്ലെങ്കില്‍ പിന്നെ കിലോമീറ്റര്‍ അപ്പുറത്ത് അടുത്ത സ്റ്റോപ്പില്‍ പോയി ഇറങ്ങി തിരിച്ചു നടക്കണം. യാത്രക്കാര്‍ ഇല്ലാത്തതിനാലല്ല ബസ് ഇങ്ങിനെ പായുന്നത്. പൊടിയംകുളത്തെ താമസക്കാരുടെ സോഷ്യല്‍ സ്റ്റാറ്റസില്‍ ഊന്നിയാണ് സംവിധായകന് ഇതിന്റെ കാരണം കൊണ്ടു ചെന്നു വെയ്ക്കുന്നത്. അടിച്ചമര്‍ത്തലിന്റെ ബഹു രീതികളില്‍ സാമൂഹ്യ വിവേചനത്തിന് ബസ് സ്റ്റോപ്പിന്റെ രൂപവുമുണ്ടെന്ന് സിനിമയുടെ രാഷ്ട്രീയം പറയുന്നു.
ബസുകള്‍ പൊടിയന് കുളത്ത് എത്തുമ്പോള്‍ വേഗം കൂട്ടുന്നത് ക്ഷോഭിക്കുന്ന യൗവ്വനമായ കര്‍ണനെ അലോസരപ്പെടുത്തുന്നുണ്ട്. ഒരു തവണ സൈനിക റിക്രൂട്ട്മെന്റിന് പോയി മടങ്ങുമ്പോള്‍ അയാള്‍ക്ക് തന്നെ അത് നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആശുപത്രിയില്‍ പോകാന്‍ ബസ് കാത്തു നില്ക്കുന്ന നിറഗര്ഭിണിയ്ക്കു പോലും ബസിന്റെ കാര്യത്തില്‍ അനുഭവം വ്യത്യസ്തമാകാത്ത സാഹചര്യത്തില്‍ തുടങ്ങുന്ന പ്രതിഷേധം പിന്നീട് അധികാരവര്‍ഗ്ഗത്തിന്റെ ഗര്വിനെതിരേയുള്ള പോരാട്ടവുമായി മാറുകയാണ്.
വായില്‍ നിന്നും നുരയും പതയും വന്ന് ഒരു കൊച്ചു പെണ്‍കുട്ടി ആരാലും ശ്രദ്ധിക്കപ്പെടാതെ പൊട്ടന്‍കുളത്തെ പെരുവഴിയില്‍ കിടക്കുന്നതും ഇരുവശത്തുകൂടിയും വാഹനങ്ങള്‍ ചീറിപ്പായുന്നതുമായ ആകാശകാഴ്ചയുടെ ആദ്യ സീനില്‍ തന്നെ സിനിമയുടെ ടേസ്റ്റ് വെളിപ്പെടും. വിവേചനത്തിന്റെ തുടരന് സംഭവങ്ങളുടെ നറേഷനിലൂടെ ഏതു നിമിഷവും പൊട്ടാന്‍ പാകത്തിന് നില്ക്കുന്ന പ്രഷര്‍ കുക്കര്‍ പോലെയാണ് സിനിമയുടെ ആദ്യ പകുതി.
കീഴാളര്‍ക്ക് നേരിടേണ്ടി വരുന്ന വിദ്യാഭ്യാസ അവകാശ നിഷേധവും മറ്റൊരു രീതിയില്‍ സിനിമയില്‍ പറയുന്നുണ്ട്. വിവേചനത്തെ മറികടക്കാന്‍ പൊടിയന് കുളത്തെ ജനതയുടെ പ്രതീക്ഷ വിദ്യാഭ്യാസവും അതിലൂടെ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ ജോലിയുമാണ്. എന്നാല്‍ മേല്‍ക്കോയ്മ മനോഭാവത്തിന്റെ മുഷ്ക്ക് പൊടിയന്കുളത്ത് നിന്നും കോളേജില്‍ പോകുന്ന കോകിലയ്ക്ക് സഹിക്കേണ്ടി വരുന്നുണ്ട്. അവള് പിന്നെ ഒരു വര്‍ഷത്തെ പഠനം തന്നെ ഉപേക്ഷിക്കുകയാണ്. മറ്റൊരു രംഗത്ത് കലാപം അടിച്ചമര്‍ത്തുന്നതിനിടയില്‍ പോലീസ് കോകിലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വലിച്ചു കീറുന്നു.
നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തില്‍ നില നില്ക്കുന്ന ജാതീയതയാണോ അടിച്ചമര്‍ത്തലിനെതിരേയുള്ള കീഴാളന്റെ പ്രതിരോധമാണോ കുറ്റകരം എന്നും സിനിമ ചോദിക്കുന്നു. ദുര്യോധനന്, കര്ണ്ണന്, അഭിമന്യൂ, മാടസ്വാമി തുടങ്ങി അവര്ണ്ണീയ പേരുകള്‍ പോലും അടിച്ചമര്‍ത്തലിന് പ്രതീകമായിട്ടാണ് സിനിമ കാട്ടിത്തരുന്നത്.
പുറംമോടികള്‍ ഇല്ലാത്ത അസ്വസ്ഥ കാഴ്ചകള്‍
ആഡംബരമായ നൃത്തരംഗങ്ങളോ ആധുനിക വാഹനങ്ങളോ വൃത്തിയുള്ള മുറികളോ എന്തിനേറെ ഒരു മൊബൈല്‍ ഫോണ്‍ പോലും ഫ്രെയിമില്‍ കാട്ടാതെ പതിവ് നിറക്കാഴ്ചകളില്‍ നിന്നും അകന്ന് ചെളിയും വൃത്തിഹീനമായ മണ്‍കുടിലുകളും നിറഞ്ഞ അസ്വസ്ഥ കാഴ്ചകളിലേക്കാണ് സിനിമ പലപ്പോഴും കൂട്ടിക്കൊണ്ടു പോകുന്നത്. കീഴാള ജീവിതരീതിയിലെ ആട്ടവും പാട്ടും ഉള്ജീവിതത്തിലെ മിത്തും സങ്കല്‍പ്പവും പന്നിക്കൂട്ടവും മുന്‍കാലുകള്‍ കെട്ടപ്പെട്ട ഒരു കഴുതയും കുതിരയും വാളും വരെ കീഴാളജീവിതത്തിന്റെ പ്രതീകമായി സിനിമയില്‍ മാരി വിദഗ്ദ്ധമായി ഉപയോഗിച്ചിട്ടുമുണ്ട്.
അടിത്തട്ടു ജനതയുടെ അധിവാസ ഭൂമിക ആയതിനാല്‍ കോളനികളും ചേരികളും ഡാര്‍ക്ക് ഇടങ്ങളായാണ് സിനിമകളില്‍ ചിത്രീകരിക്കപ്പെടാറുള്ളത്. പൊതു സമൂഹത്തിന്റെ ബോധ്യങ്ങളില്‍ വേശ്യകളുടേയും ക്രിമിനലുകളുടേയും ഇടങ്ങളായിട്ടാകും കോളനികളുടെയും ചേരികളുടെയും പൊതു ചര്‍ച്ചകള്‍. അടിയാള വിഭാഗത്തില്‍ പെടുന്നവര്‍ താമസിക്കുന്ന പ്രദേശത്തെ ഡാര്‍ക്ക് ഇടങ്ങളായി അടയാളപ്പെടുത്താനുള്ള പൊതുസമൂഹത്തിന്റെ പ്രവണതയെ പരിയേറും പെരുമാളില്‍ മാരി സെല്‍വരാജ് ആദ്യത്തെ ഒറ്റ ഷോട്ടില്‍ തന്നെ (ബസില്‍ സീറ്റില്‍ ഒപ്പമിരിക്കുന്ന വൃദ്ധന് നായകന് തന്റെ സ്ഥലത്തേക്കുറിച്ച് പറയുമ്പോള്‍ എഴുന്നേറ്റ് മാറുന്ന രംഗം) വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ പിന്തുടര്ച്ചയാണ് കര്‍ണ്ണനിലെ പൊട്ടന്‍കുളത്തെ ബസ് സ്റ്റോപ്പും.
അസുരന്റെ തുടര്‍ച്ചയില്‍ ദ്രവീഡിയന്‍ ലുക്കിനെ കൂടുതല്‍ കൂടുതല്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്ന ധനുഷിന്റെ പ്രകടനം അസാധ്യം. കര്‍ണ്ണന്റെ സന്തതസഹചാരിയും മെന്ററുമായി യെമന്‍ എന്ന വൃദ്ധനെ മലയാള നടന് ലാല്‍ അസാമാന്യ വിരുതോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കര്‍ണ്ണന്റെ നായിക ദ്രൗപതിയായി തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടി രജീഷാ വിജയനും തകര്‍ത്തുവാരി.
സിനിമ പറയുന്ന രാഷ്ട്രീയം
രണ്ടു ദശകങ്ങള്‍ക്ക് ഇടയില്‍ അടിച്ചമര്‍ത്തപ്പെടുന്നവനും അധികാരവര്‍ഗ്ഗങ്ങളും തമ്മിലുള്ള പോര് തമിഴ്നാട്ടില്‍ അനേകം തവണ ചര്‍ച്ച ചെയ്യപ്പെട്ടത്. താമരഭരണി കൂട്ടക്കുരുതിയും കൊടിയന്‍കുളം കലാപവും ഇവയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്തു. സിനിമാക്കാരനാകും മുമ്പ് എഴുത്തുകാരനായിരുന്ന മാരി സെല്‍വരാജിന്റെ ആദ്യ പുസ്തകം തന്നെ താമരഭരണി കലാപത്തെക്കുറിച്ചാണ്. 'താമരഭരണിയില്‍ കൊല്ലപ്പെടാത്തവര്കള്' എന്ന 1999 ജൂലൈ 23 ന് നടന്ന താമരഭരണി കൂട്ടക്കുരുതിയെ അധികരിച്ച് എഴുതിയ ആദ്യ പുസ്തകത്തില്‍ തന്നെ സംഭവത്തിലെ വിപ്ലവം, പോലീസ് നടത്തിയ നരവേട്ട, വര്‍ഗ്ഗീയസംഘര്‍ഷം എന്നിവയെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.
1999 ജൂലൈയില്‍ നടന്ന പോലീസ് വെടിവെയ്പ്പിലും മറ്റുമായി 17 ജീവനുകള്‍ പൊലിഞ്ഞ താമരഭരണി സംഭവം ഞെട്ടിക്കുന്നതായിരുന്നു. മഞ്ഞോല ടീ എസ്റ്റേറ്റില്‍ ദിവസക്കൂലി 70 രൂപയില്‍ നിന്നും 100 ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടറെ കാണാന്‍ പോയ ജനതയെ തടയാന്‍ പോലീസ് നടത്തിയ നടത്തിയ തേര്‍വാഴ്ചയില്‍ ലാത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ സമീപത്തെ നദിയിലേക്ക് ചാടിയവര്‍ മുങ്ങി മരിച്ചു. മറ്റുള്ളവര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി പരിക്കേറ്റും മരിച്ചു.
ഒരു ഡ്രൈവറും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉണ്ടായ വഴക്കാണ് 1995 ല്‍ തിരുനെല്‍വേലിയില്‍ കൊടിയന്‍കുളം കലാപത്തിന്റെ കേന്ദ്രബിന്ദുവായി പിന്നീട് കരുതപ്പെട്ടത്. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലുമായി സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുണ്ടായ പലവിധ സംഭവവികാസങ്ങളില്‍ പോലീസ് ഇടപെടലിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമായിരുന്നു. 1992 ലെ വത്താച്ചി കലാപത്തില്‍ കുറ്റക്കാര്‍ പോലീസും ഫോറസ്റ്റ് വിഭാഗവുമായിരുന്നു കുറ്റക്കാര്‍ എന്നാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. ചന്ദനത്തടി വെട്ടാനായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്നെ ധര്‍മ്മപുരി എന്ന ഗോത്ര ഗ്രാമത്തിലെ ആള്‍ക്കാരെ നിര്‍ബ്ബന്ധിച്ചതും അവര്‍ എതിര്‍ത്തതിനെയും തുടര്‍ന്നുണ്ടായ കലാപത്തില്‍ 133 പേരാണ് അറസ്റ്റിലായത്. 18 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഗ്രാമീണരെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു പോലീസ് നടപടി.
1990 മുതല്‍ 2011 വരെ തമിഴ്നാട്ടില്‍ നടന്ന കലാപങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമ ഓര്‍മ്മിപ്പിക്കുന്നു. 1995 ആഗസ്റ്റില്‍ നടന്ന തിരുനെല്‍വേലിയിലെ കൊടിയന്‍കുളം,1999 ജൂലൈ 23 ലെ താമരഭരണി കൂട്ടക്കുരുതി, 1992 ജൂണ്‍ 20 ന് നടന്ന വത്താച്ചി സംഭവം, 1995 ലെ കരണൈ ഗ്രാമം സംഭവം, 2012 ലെ പരമകുടി. എല്ലാറ്റിലും ഇരകള്‍ കീഴാളരും വേട്ടക്കാര്‍ പോലീസുമായിരുന്നു. 2003 ലെ കേരളത്തില്‍ ആദിവാസികളും പോലീസും തമ്മില്‍ നടന്ന മുത്തങ്ങാ സംഭവം പോലും സിനിമയുമായി റിലേറ്റഡ് ആകുന്നുണ്ട്.
1990 മുതലുള്ള ഒന്നര ദശകത്തിനിടയില്‍ തമിഴ്നാട്ടില്‍ 37 കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായിട്ടാണ് ചില പഠനങ്ങള്‍ പറയുന്നത്. ഡിഎംകെ അധികാരത്തില്‍ ഇരുന്ന സമയത്ത് 16 ഉം എഐഎഡിഎംകെയുടെ കാലയളവില്‍ 21 ും ആയിരുന്നു. എല്ലാറ്റിലും ഇരകള്‍ അധസ്ഥിതരും പ്രതികള്‍ പോലീസും. മിക്കതും ആഴത്തില്‍ പരിശോധിച്ചാല്‍ ജാതി കലാപങ്ങളില്‍ പോലീസിനെ ഉപയോഗിക്കപ്പെടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍.