ഇന്ത്യന്‍ സംഗീതത്തിന്റെ ആകാശത്ത് എട്ടു പതിറ്റാണ്ടിലേറെ നക്ഷത്രശോഭയോടെ ജ്വലിച്ചുനിന്ന ആ സ്വരനാളം ഒടുവില്‍ നിശബ്‌ദമായിരിക്കുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ 92ാം വയസില്‍ ആശാ ഭോസ്‌ലെ യാത്രയാകുമ്പോള്‍, അത് ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ ഒരു അധ്യായത്തിന്റെ അന്ത്യമാണ്. ലതാ മങ്കേഷ്‌കര്‍ എന്ന സംഗീത ഇതിഹാസത്തിന്റെ നിഴലില്‍ ഒതുങ്ങിപ്പോകാതെ, സ്വന്തം തനിമയും ഊര്‍ജവും കൊണ്ട് സംഗീതത്തിന്റെ ഒരു സമാന്തര സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ഗായികയായിരുന്നു ആശ. വെല്ലുവിളികളെല്ലാം ശബ്‌ദത്തിന്റെ കരുത്തുകൊണ്ട് കീഴടക്കിയ അവര്‍, പകരക്കാരില്ലാത്ത പ്രതിഭയായി സംഗീത ഭൂപടത്തില്‍ ഇടംപിടിച്ചു.
1933ല്‍ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറുടെ മകളായി ജനിച്ച്, പിതാവിന്റെ മരണശേഷം ഒമ്പതാം വയസ്സില്‍ കുടുംബഭാരമേല്‍ക്കാന്‍ പാടിത്തുടങ്ങിയതാണ് ആശാ ഭോസ്‌ലെ. മൂത്ത സഹോദരി ലതാ മങ്കേഷ്‌കര്‍ ഭാവസാന്ദ്രമായ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീതത്തിന്റെ 'പരിശുദ്ധ മുഖമായി' മാറിയപ്പോള്‍, കരിയറിന്റെ തുടക്കത്തില്‍ ആശയ്‌ക്ക് ലഭിച്ചത് പലരും പാടാന്‍ വിസമ്മതിച്ച പരീക്ഷണ ഗാനങ്ങളായിരുന്നു. എന്നാല്‍ കാബറെ ഗാനങ്ങളിലായാലും ശാസ്‌ത്രീയ സംഗീതത്തിലായാലും ഗസലിലായാലും തന്റെ ശബ്‌ദം ഒരുപോലെ വഴങ്ങുമെന്ന് അവര്‍ തെളിയിച്ചു. ഭാരതീയ സംഗീതത്തിലെ ആണ്‍കോയ്‌മയെയും കടുത്ത മത്സരങ്ങളെയും അതിജീവിച്ച് പന്ത്രണ്ടായിരത്തിലധികം ഗാനങ്ങള്‍ വിവിധ ഭാഷകളിലായി ആലപിച്ച അവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്‌ത ഗായികയായി ഗിന്നസ് ബുക്കില്‍ ഇടംനേടി.
ഒ.പി. നയ്യാര്‍, ആര്‍.ഡി. ബര്‍മന്‍ തുടങ്ങിയ സംഗീത സംവിധായകരുമായുള്ള കൂട്ടുകെട്ട് ആശാ ഭോസ്‌ലെയിലെ ഗായികയെ പരിഷ്‌കരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്‌തു. പാശ്‌ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ സംഗീതത്തിന്റെ ഗൗരവവും ഒരേപോലെ സമന്വയിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1950കളില്‍ തുടങ്ങി രണ്ടായിരത്തിന്റെ തുടക്കം വരെ തനിക്കുണ്ടായിരുന്ന സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് അവരുടെ അസാമാന്യമായ പ്രതിഭയുടെ സാക്ഷ്യമാണ്. എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ 'രംഗീല'യ്‌ക്ക് വേണ്ടി പാടുമ്പോള്‍ അറുപതുകളില്‍ എത്തിയ ഒരു ഗായികയുടെ ശബ്‌ദമാണതെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു. പ്രായത്തെ വെല്ലുന്ന ഈ യൗവനമായിരുന്നു ആശയുടെ ശബ്‌ദത്തിന്റെ സവിശേഷത.
ആലാപനത്തിലെ ഈ സാങ്കേതിക തികവിനപ്പുറം, ഓരോ ഗാനത്തിനും അവര്‍ നല്‍കിയ ഭാവപ്രകടനങ്ങളാണ് അവരെ അനന്യയാക്കുന്നത്. മൈക്രോഫോണിന് മുന്നില്‍ വെറും ഗായികയാകാതെ, ആ ഗാനം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന നടിയുടെ ഭാവങ്ങളും ശ്വാസഗതിയും പോലും ഉള്‍ക്കൊണ്ടാണ് അവര്‍ പാടിയിരുന്നത്. ഭജനുകളില്‍ നിന്ന് മദ്യശാലയിലെ നൃത്തസംഗീതത്തിലേക്കും, അവിടെ നിന്ന് വിരഹത്തിന്റെ ആഴങ്ങളുള്ള ഗസലുകളിലേക്കും മിന്നല്‍വേഗത്തില്‍ ചുവടുമാറ്റാന്‍ ആശയ്‌ക്ക് സാധിച്ചു. ഈ അസാമാന്യമായ പൊരുത്തപ്പെടല്‍ ശേഷിയാണ് മീനാ കുമാരി മുതല്‍ ഊര്‍മിള മണ്ഡോദ്‌കര്‍ വരെയുള്ള തലമുറകള്‍ക്ക് അവരുടെ ശബ്‌ദം ഒരുപോലെ ഇണങ്ങാന്‍ കാരണമായതും.
കേവലം ഒരു പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു അഭിനേത്രിയായും ബിസിനസ് സംരംഭകയായും അവര്‍ തന്റെ കഴിവ് തെളിയിച്ചു. പത്മവിഭൂഷണും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അവരെ ആദരിച്ചപ്പോള്‍ അത് ഒരു കലാകാരിയുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായിരുന്നു. ലതാ മങ്കേഷ്‌കര്‍ക്കു പിന്നാലെ ആശാ ഭോസ്‌ലെയും യാത്രയാകുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലം പൂര്‍ണ്ണമായും ഓര്‍മയായി മാറുകയാണ്. എങ്കിലും, ആ സ്വരത്തിലെ കുസൃതിയും ആവേശവും പ്രണയവും വരുംതലമുറകള്‍ക്കും ഒരുപോലെ പ്രചോദനമായി നിലനില്‍ക്കും. ആ വിസ്‌മയ ഗായികയ്‌ക്ക് പ്രണാമം.





