യുദ്ധം ഉണ്ടാകാതിരിക്കാന്‍ ഒരു മരുന്ന്. ലാഭം നിരവധി ജീവനുകള്‍... ആയുധങ്ങള്‍ക്കായി പാഴാക്കുന്ന പണം മറ്റ് കാര്യങ്ങള്‍ക്കായി ചെലവിടാം എന്ന ഗുണവുമുണ്ട്. ആ മരുന്നിലേക്ക് ചിമ്പാന്‍സികള്‍ വഴികാട്ടിയാലോ... ആഫ്രിക്കയില്‍ പുതിയ ചിമ്പാന്‍സി 'രാജ്യം' പിറന്നതാണ് ആ ചിന്തകള്‍ക്കു പിന്നില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള 'രാജ്യ'മാണു പിളര്‍ന്നത്. ഇനി മനുഷ്യരെപ്പോലെ അക്രമം, എന്തിന് യുദ്ധം പോലും പ്രതീക്ഷിക്കാം. ഉഗാണ്ടയിലെ കിബാലെ നാഷണല്‍ പാര്‍ക്കിലാണു പുതിയ രാജ്യം ഉണ്ടായത്. എന്‍ഗോഗോ ചിമ്പാന്‍സികളുടെ കൂട്ടമാണു പിളര്‍ന്നത്. എന്തായാലും ചിമ്പാന്‍സി യുദ്ധത്തില്‍നിന്നു മനുഷ്യര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്.
*************************************
കാട്ടുചിമ്പാന്‍സികള്‍ ധാരാളമുള്ള കിബാലെ നാഷണല്‍ പാര്‍ക്ക് വര്‍ഷങ്ങളായി ഗവേഷകരുടെ നിരീക്ഷണത്തിലാണ്. 766 ചതുരശ്ര കിലോമീറ്ററാണു ചുറ്റളവ്. കൊളംബസ് മങ്കി അടക്കമുള്ള അപൂര്‍വ വാനര വംശജരും വംശനാശം നേരിടുന്ന ചിമ്പാന്‍സി വര്‍ഗങ്ങളും ഇവിടുണ്ട്. സ്വാഭാവികമായും ഗവേഷക ശ്രദ്ധ കിബാലെയിലെത്തി. അവയില്‍ ഒരു സംഘമായിരുന്നു ടെക്‌സസ് സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍. അവര്‍ ചിമ്പാന്‍സികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവയുടെ സംഘങ്ങളെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചുമായിരുന്നു അവര്‍ക്ക് അറിയേണ്ടത്. എന്‍ഗോഗോ ചിമ്പാന്‍സികളേക്കുറിച്ചുള്ള നിരീക്ഷണം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ആദ്യ രണ്ട് പതിറ്റാണ്ടുകളില്‍ അവ ഒറ്റക്കെട്ടായിരുന്നു....
വേട്ടയാടല്‍ കൂട്ടം
ശാന്തത നിറഞ്ഞ സമൂഹമായിരുന്നു എന്‍ഗോഗോകളുടേത്. ചെറു സംഘങ്ങളായി അവര്‍ ജീവിച്ചു. ഇടയ്‌ക്കിടെ ചിലര്‍ വിമതരാകും. പിണക്കങ്ങള്‍ അധികാലം നില്‍ക്കാറില്ല. മികച്ച സാമൂഹിക പെരുമാറ്റത്തിനും ഉയര്‍ന്ന ബുദ്ധിക്കും പേരുകേട്ടതാണ് എന്‍ഗോഗോ ചിമ്പാന്‍സികള്‍. ചുവന്ന കൊളംബസ് കുരങ്ങുകളെ സംഘടിതമായി വേട്ടയാടുന്നത് അവരുടെ പതിവായിരുന്നു. ഈ വേട്ടകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ആണ്‍ ചിമ്പാന്‍സികളായിരുന്നു. അവര്‍ തന്ത്രപരമായി സഹകരിക്കുകയും വേട്ടയാടിലഭിച്ച മാംസം പങ്കുവയ്‌ക്കുകയും ചെയ്യുമായിരുന്നു. ഇത് അവരുടെ പുരോഗമിച്ച ആസൂത്രണ ശേഷിയെയും സാമൂഹിക ബുദ്ധിയെയും എടുത്തു കാണിക്കുന്നതായി ഗവേഷകര്‍ വിലയിരുത്തി.
വേട്ടയാടലിന് പുറമേ, സഹാനുഭൂതി, ആശ്വാസം നല്‍കല്‍, ദുഃഖാചരണങ്ങള്‍ എന്നിവയും ആ സംഘത്തിനുള്ളിലുണ്ടായിരുന്നു. അവയില്‍ ചില ചിമ്പാന്‍സികള്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചു. അത് സാധാരണ കാട്ടുചിമ്പാന്‍സികള്‍ക്കിടയില്‍ അപൂര്‍വമാണ്. ഗവേഷണം മുന്നോട്ടു നീങ്ങിയപ്പോഴാണ് അവരുടെ സാമൂഹിക ഘടന വിചാരിച്ചതിലും സങ്കീര്‍ണമാണെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
പിളര്‍പ്പിന്റെ തുടക്കം 2015 ല്‍
2015 ലാണു ആ ചിമ്പാന്‍സി രാജ്യത്ത് പിളര്‍പ്പിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയത്. കിബാലെ നാഷണല്‍ പാര്‍ക്കിലെ പടിഞ്ഞാറന്‍, മധ്യമേഖലകളിലെ ചിമ്പാന്‍സികള്‍ക്കിടയില്‍ അകലം കൂടിവന്നു. പുരുഷ മേധാവിത്വമുള്ള സമൂഹമാണു കിബാലെയിലേത്. അധികാര ശ്രേണിയില്‍ മാറ്റം ഉണ്ടായതുപോലെ! അതിനിടെയാണു മുതിര്‍ന്ന ഏതാനും ചിമ്പാന്‍സികള്‍ ചത്തത്. കൂട്ടത്തെ ഒരുമിച്ചു നിര്‍ത്തുന്ന കണ്ണികള്‍ ഇല്ലാതായി.
2018 ആയപ്പോള്‍ വിഭജനം പൂര്‍ത്തിയായി. ചിമ്പാന്‍സികള്‍ രണ്ട് വ്യത്യസ്‌ത ഗ്രൂപ്പുകളായി. പടിഞ്ഞാറന്‍, മധ്യമേഖലകള്‍ പിളര്‍ന്നു. അവര്‍ അതിര്‍ത്തികള്‍ സൃഷ്‌ടിച്ചു. അതിര്‍ത്തി ലംഘിച്ചാല്‍ യുദ്ധം!
പടിഞ്ഞാറന്‍ മേഖലയിലെ അംഗങ്ങള്‍ പലതവണ മാരക ആക്രമണം നടത്തി. 2018 നും 2024 നും ഇടയില്‍, ഏഴ് മുതിര്‍ന്ന ആണ്‍ ചിമ്പാന്‍സികള്‍ ആക്രമിക്കപ്പെട്ടു. 17 ചിമ്പാന്‍സികുഞ്ഞുങ്ങളും അക്രമത്തിനിരയായി. ഒരു സംഘത്തിലുണ്ടായിരുന്ന ചിമ്പാന്‍സികള്‍ പോലും രണ്ട് 'രാജ്യ'ത്തായി. അതോടെ അവര്‍ ശത്രുക്കളുമായി. അവര്‍ പരസ്‌പരം ഏറ്റുമുട്ടി. പഴയ കൂട്ടുകാരെ കൊലപ്പെടുത്തി.
ആ യുദ്ധത്തെക്കുറിച്ചു ഗവേഷകനായ ടെക്‌സസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ആരോണ്‍ സാന്‍ഡല്‍ കുറിച്ചത് ഇങ്ങനെയാണ്. 'പുതിയ നേതൃത്വം വര്‍ഷങ്ങളായി നിലനിന്ന സഹകരണ ബന്ധങ്ങളെ അപ്രസക്‌തമാക്കി'.
ഗ്രൂപ്പ് കളിക്കു പിന്നില്‍ മനുഷ്യരല്ല
മൃഗങ്ങള്‍ക്കിടയില്‍ സംഘങ്ങളുണ്ടാകുന്നത് പുതിയ കാര്യമല്ല. വാനര വര്‍ഗങ്ങളില്‍ അവ സര്‍വസാധാരണമാണ്. ശാസ്‌താംകോട്ടയിലെ ബോണറ്റ് മക്കാക്ക ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ വഴക്കുകള്‍ മലയാളികള്‍ക്കറിയാം. കാടിനുള്ളില്‍ വാനര വര്‍ഗത്തിലെ വലിയ സംഘങ്ങള്‍ ചെറിയ സംഘങ്ങളായി പിരിഞ്ഞുപോകും. അതു വിഭവങ്ങള്‍ക്കായുള്ള മത്സരം കുറയ്‌ക്കും. എന്നാല്‍, ചിമ്പാന്‍സികളില്‍, ശാശ്വത വിഭജനങ്ങള്‍ അസാധാരണമാണ്. ജനതിക തെളിവുകള്‍ നല്‍കുന്ന സൂചനയും അതാണ്. ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക സംഭവം 1970 കളില്‍ ടാന്‍സാനിയയിലെ ഗോംബെയില്‍ ജെയ്‌ന്‍ ഗുഡാളിന്റെ ദീര്‍ഘകാല പഠനത്തിനിടയിലാണ്. ആ വിഭജനം ഏറെ ചര്‍ച്ചയായി. പക്ഷേ, ഗോംബെയിലെ ചിമ്പാന്‍സികള്‍ക്ക് ഗവേഷകര്‍ ഭക്ഷണം നല്‍കിയിരുന്നു. അതിനാല്‍ പിളര്‍പ്പിനു പിന്നില്‍ മനുഷ്യര്‍ക്കും പങ്കുണ്ടെന്ന വാദം ഉയര്‍ന്നു. എന്നാല്‍, എന്‍ഗോഗോയില്‍, ചിമ്പാന്‍സികള്‍ക്ക് ഒരിക്കലും മനുഷ്യര്‍ ഭക്ഷണം നല്‍കിയില്ല.
മനുഷ്യരുമായുള്ള സാമ്യം!
ആരോണ്‍ സാന്‍ഡല്‍ ചിമ്പാന്‍സികളിലെ പിളര്‍പ്പിനെ മറ്റൊരു രീതിയിലാണു കാണുന്നത്. 'ചിമ്പാന്‍സികളില്‍ ഞങ്ങള്‍ നിരീക്ഷിച്ച ധ്രുവീകരണവും സംഘര്‍ഷവും നമ്മുള്‍ അംഗമായ മനുഷ്യ വര്‍ഗത്തെക്കുറിച്ച് ഉള്‍ക്കാഴ്‌ച നല്‍കിയേക്കാം.'- അദ്ദേഹം പറഞ്ഞു.
വംശീയ അല്ലെങ്കില്‍ മതപരമായ വ്യത്യാസങ്ങള്‍ പോലുള്ള സമൂഹ വ്യക്‌തിത്വമാണു മനുഷ്യരെ യുദ്ധത്തിലേക്കു നയിക്കുന്നതെന്നായിരുന്നു വിശ്വാസം. 'ഭാഷ, വംശം, പ്രത്യയശാസ്‌ത്രം എന്നിവയില്ലാതെ തന്നെ ചിമ്പാന്‍സികളില്‍ ധ്രുവീകരണവും മാരകമായ സംഘര്‍ഷങ്ങളും ഉണ്ടാകുന്നു. ആ പിളര്‍പ്പിനു പിന്നിലെ രഹസ്യം തിരിച്ചറിയുന്നത് മനുഷ്യരെക്കുറിച്ചു ചില ഉള്‍ക്കാഴ്‌ചകള്‍ക്കു സഹായിക്കും.
പരിണാമത്തിന്റെ ലോകത്ത് മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഒരു ഘട്ടത്തില്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ജനിതകഘടന 98% സമാനമാണെന്നായിരുന്നു വിലയിരുത്തല്‍. പിന്നീട് കൂടുതല്‍ വ്യത്യാസം കണ്ടെത്തി എന്നതു സത്യം.
എങ്കിലും മനുഷ്യരും ചിമ്പാന്‍സികളും അടിസ്‌ഥാനപരമായി ഒരേ നിര്‍മാണ ബേ്ലാക്കുകളാണ് (പ്രോട്ടീനുകള്‍) നിര്‍മിച്ചിരിക്കുന്നത്, എന്നാല്‍ മനുഷ്യനെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വ്യത്യസ്‌തമായ രീതികളിലാണ് ചിമ്പാന്‍സിയെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്നു മാത്രം. ഒരു പൊതു പൂര്‍വികനില്‍നിന്നുള്ള പരിണാമത്തിന്റെ ഗതിയില്‍, ഡി.എന്‍.എയില്‍ മാറ്റമുണ്ടായി എന്നു മാത്രം. ചിമ്പാന്‍സികള്‍ക്കിടയില്‍ തന്നെ 9% വരെ വ്യത്യാസമുണ്ടെന്ന് 2025ലെ പഠനം കണ്ടെത്തി.
മനുഷ്യരുടെയും ചിമ്പാന്‍സികളുടെയും യുദ്ധക്കൊതിക്കു പിന്നില്‍ പൊതു പൂര്‍വികരാണെന്ന വിലയിരുത്തല്‍ ഗവേഷകര്‍ക്കിടയില്‍ ശക്‌തമാണ്. ആ യുദ്ധക്കൊതിക്കു പിന്നിലെ ജനിത രഹസ്യം കണ്ടെത്താനാണു ആരോണ്‍ സാന്‍ഡലിനെപ്പോലുള്ള ഗവേഷകരുടെ ശ്രമം. 'ആ രഹസ്യം കണ്ടെത്തിയാല്‍, സമൂഹത്തിലും വ്യക്‌തിജീവിതത്തിലും സംഘര്‍ഷങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും, അത് എനിക്ക് പ്രത്യാശ നല്‍കുന്നു'. - ആരോണ്‍ സാന്‍ഡല്‍ പറഞ്ഞു. ശരിക്കും യുദ്ധത്തിനൊരു മരുന്ന്!





