തലമുറകളെ വിസ്‌മയിപ്പിച്ച ആ സ്വരമാധുര്യവും നിലച്ചു. പ്രണയവും വിരഹവും ഭജന്‍സും ഫാസ്‌റ്റും കാബറെയും ഖവാലിയും മുജ്‌റയും റോക്ക് ആന്‍ഡ് റോളുമെല്ലാം ആ ശബ്‌ദത്തിനു വഴങ്ങിയിരുന്നു. ഭാവസാന്ദ്രമായ മെലഡികളായാലും 'യേ മേരാ ദില്‍' തുടങ്ങി ആവേശം നിറയ്‌ക്കുന്ന ഫാസ്‌റ്റ് നമ്പറുകളാലും 'ഗണപതി ബപ്പാ മോറിയാ എന്ന ഭജനായാലും ഗാനാസ്വാദകരെ ഒന്നടങ്കം ത്രസിപ്പിച്ചു. ആ സ്വരംകൊണ്ട് തലമുറകളെയാണ് ആശാ ഭോസ്‌ലെ വിസ്‌മയിപ്പിച്ചത്. ആക്‌ഷന്‍ സിനിമകളിലെ വേഗതയും റൊമാന്റിക് സിനിമകളിലെ പ്രണയവും ഒരുപോലെ ആ ശബ്‌ദത്തില്‍ ലയിച്ചിരുന്നു.
'ആശ'യാണ് എല്ലാ ദുഖങ്ങള്‍ക്കും കാരണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ സംഗീതത്തിലും ഭക്ഷണത്തിലും 'ആശ'യാണു സന്തോഷം. നല്ലൊരു പാട്ട് നമ്മുടെ മനസ് നിറയ്‌ക്കും. അതുപോലെ നല്ലൊരു ഭക്ഷണം വയറിനോടൊപ്പം മനസും നിറയ്‌ക്കും. ഇതില്‍ രണ്ടിലും ഒരുപോലെ കൈയാപ്പ് ചാര്‍ത്തിയാണ് ആശ നമ്മെ വിട്ടുപിരിയുന്നത്. തലമുറകളെ വിസ്‌മയിപ്പിച്ച പാട്ടുകാരിയോടൊപ്പം നല്ലൊരു പാചകക്കാരി കൂടിയായിരുന്നു ആശ ഭോസ്‌ലെ. മുംബൈയിലെ 'ആശ' റസ്‌റ്റോറന്റുകള്‍ അതിനുദാഹരണമാണ്. എട്ടു പതിറ്റാണ്ടു നീണ്ട, ലോകത്തെത്തന്നെ വിസ്‌മയിപ്പിച്ച സംഗീത ജീവതം... സംഗീതത്തില്‍ തലമുറകള്‍ മാറിയപ്പോഴും മാറിമാറി വന്ന സംഗീതസംവിധായകരുടെ ഒരേയെരു 'ആശ' ആശാ ഭോസ്‌ലെലെക്കൊണ്ടു പാടിപ്പിക്കണം എന്നതായിരുന്നു.
അച്‌ഛന്‍ ദിനാനാഥ് മങ്കേഷ്‌കറുടെ സഞ്ചരിക്കുന്ന നാടകക്കമ്പനിയായിരുന്നു ആശയുടെ ആദ്യ പഠനക്കളരി. അച്‌ഛന്‍ മരിച്ചതോടെ ചേച്ചി ലതാ മങ്കേഷ്‌കര്‍ക്കൊപ്പമായി താമസം. 1943 ല്‍ പത്താം വയസില്‍ മറാഠി ചിത്രത്തിലൂടെ സിനിമാ അങ്ങേറ്റം. പിന്നാലെ ബോളിവുഡിലേക്ക്. 'ലതയുടെ അനിയത്തി' എന്നതായിരുന്നു ആദ്യകാലത്ത് ആശയുടെ മേല്‍വിലാസം. ഗീതാദത്തും ഷംഷാദ് ബീഗവും ലതയും കത്തിനിന്ന അക്കാലത്ത് ആശ പരിഗണിക്കപ്പെട്ടത് അവര്‍ക്കുശേഷം മാത്രമായിരുന്നു. ആ സമയത്ത് ചില കാബറെ പാട്ടുകള്‍ ആശ പാടിയിരുന്നു. ഇതൊരു മോശം ഇമേജ് ആശയ്‌ക്ക് ഉണ്ടാക്കിക്കൊടുത്തു. ലതാ മങ്കേഷ്‌കര്‍ പാടാന്‍ വിസമ്മതിക്കുന്ന പാട്ടുകളോ ലതയുടെ ശബ്‌ദത്തിനിണങ്ങാത്ത രണ്ടാംനിര ഗാനങ്ങളോ ആയിരുന്നു തുടക്കത്തില്‍ ആശയ്‌ക്കു ലഭിച്ചത്. 'കാബറെ ഗായിക' എന്ന ഇമേജില്‍നിന്ന് ആശയെ മോചിപ്പിച്ചത് സംഗീത സംവിധായകനായ ഒ.പി. നയ്യാര്‍ ആണ്. ലതയുമായി നയ്യാര്‍ക്കും എസ്.ഡി. ബര്‍മനും ഉണ്ടായ അകല്‍ച്ച ആശയ്‌ക്കു നേട്ടമായി. പിന്നീടുണ്ടായത് സുവര്‍ണഗാനങ്ങളുടെ കാലം. ബര്‍മ്മന്റെ വരവ് ആശയുടെയും ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെയും തലവരതന്നെ മാറ്റിമറിച്ചു. പരിമിതമായ അവസരങ്ങളില്‍ പോലും തന്റെ വേറിട്ട ശബ്‌ദംകൊണ്ടും ആലാപന ശൈലികൊണ്ടും അവര്‍ വിസ്‌മയം തീര്‍ത്തു. പുതിയ സംഗീതസംവിധായകരുടെ വരവോടെ ആശയിലെ ഗായികയെ ലോകം തിരിച്ചറിഞ്ഞു. പതിയെപ്പതിയെ അവര്‍ സംഗീതലോകത്ത് തന്റെ സാമ്രാജ്യം ഉറപ്പിച്ചു. ലതയുടെ നിഴലില്‍നിന്നു മാറി സ്വന്തമായി ഒരു സിംഹാസനംതന്നെ തീര്‍ത്തു. പാശ്‌ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ക്ല ാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്ന ആ സ്വരം ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.
''സംഗീതം എനിക്ക് ശ്വാസോച്‌ഛ്വാസം പോലെയാണ്. എന്റെ സംഗീതം നിലയ്‌ക്കണമെങ്കില്‍ എന്റെ ശ്വാസംകൂടി നിലയ്‌ക്കണം'' ഒരിക്കല്‍ ഒരഭിമുഖത്തില്‍ ആശ ഭോസ്‌ലെ പറഞ്ഞ വാക്കുകളാണിത്.
ഒ.പി. അയ്യര്‍, നൗഷാദ്, എസ്.ഡി. ബര്‍മ്മന്‍ തുടങ്ങി പഴയകാല സംഗീത സംവിധായകരും എ.ആര്‍. റഹ്‌മാനിലൂടെ വര്‍ത്തമാനകാലത്തെ സംഗീത സംവിധായകരും തങ്ങളുടെ ഹിറ്റുകള്‍ക്കുവേണ്ടി ആശയുടെ ശബ്‌ദം തേടിയെത്തി. മൂന്നു തലമുറയിലെ സംഗീതസംവിധായകര്‍, ഏകദേശം 90 സംഗീതസംവിധായകള്‍ക്കായി 18 ഭാഷകളില്‍ 12,000 ത്തിലേറെ പാട്ടുകള്‍. അതിന് അവകാശിയായി ഒരേയെരു പേര് ആശ ഭോസ്‌ലെ... ആ സംഗീതയാത്രയാണ് അവസാനിച്ചിരിക്കുന്നത്.
പ്രായം പലപ്പോഴും ആശയ്‌ക്കു വെറും അക്കങ്ങള്‍ മാത്രമായിരുന്നു. യുവാക്കളുടെ തരംഗമായ 'രംഗീല'യില്‍ ഊര്‍മ്മിളയ്‌ക്കായി പാടുമ്പോള്‍ ആശക്ക് പ്രായം 62. വിവിധ ഭാവങ്ങളിലൂടെ പാടാന്‍ കഴിഞ്ഞുവെന്നതാണ് ആശയുടെ നേട്ടം. അമ്പലങ്ങളില്‍ കയറി മറാത്തി ഭജന്‍സ് പാടിയിരുന്ന അതേ ആശ ഡിസ്‌കോയും കാബറെയും പാടി ഒരു തലമുറയെ ആവേശത്തിലാക്കി. ഭജന്‍ പാടിയ ആശതന്നെയാണ് ഹെലന്റെ ചൂടുള്ള ഹിറ്റ് നമ്പറുകള്‍ മറ്റൊരു ഭാവത്തില്‍ പാടിയത്. പഞ്ചം ദായുടെ ഈണങ്ങളും ആശയുടെ ശബ്‌ദവും ഹെലന്റെ മാദകനൃത്തവും ചേര്‍ന്നപ്പോള്‍ ബോളിവുഡില്‍ പിറന്നത്‌ക്ല ാസിക് ഡാന്‍സ് നമ്പറുകളാണ്. 'കാരവാനി'ലെ പിയ തു അബ് തോ ആ ജാ, 'ഡോണി'ലെ യേ മേരാ ദില്‍, 'ഹരേ രാമ ഹരേ കൃഷ്‌ണ'യിലെ വിപ്ലവകരമായ 'ദം മാരോ ദം' എന്നീ ഗാനങ്ങള്‍ ഇന്നും ആവേശം കൊള്ളിക്കുന്നതാണ്.
മലയാളത്തില്‍ ഒരേയൊരു പാട്ട് മാത്രമാണ് ആശ പാടിയത്. 1977 ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങള്‍... അനുമോദനത്തിന്റെ ആശംസകള്‍' എന്ന ഗാനമായിരുന്നു അത്. ആ പാട്ടും ഹിറ്റായി. മങ്കൊമ്പ് ഗോപാലകൃഷ്‌ണന്റെ വരികളും രവീന്ദ്ര ജെയിനിന്റെ സംഗീതവും ആശാജിയുടെ ശബ്‌ദവും ആസ്വാദകരെ മറ്റൊരു ലോകത്തെത്തിച്ചു. ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന പഴയകാല ഗാനങ്ങളിലൊന്നാണിത്.
തലമുറകള്‍ പ്രണയിച്ചത് ആശയുടെ പാട്ട് കേട്ടായിരുന്നു. വിരഹത്തിലും ഒരു തലമുറ ആദ്യം തേടിയത്, കേട്ടത് ആശയുടെ സ്വരമായിരുന്നു. പ്രണയവും ഭക്‌തിയും വിരഹവും താളവും കൊണ്ട് തലമുറകളെ ഉണര്‍ത്തിയ ആശാ ഭോസ്‌ലെ വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടമാണ് അവസാനിക്കുന്നത്. എട്ടു പതിറ്റാണ്ടുകളിലായി പാടിവച്ച പതിനായിരക്കണക്കിനു ഗാനങ്ങളിലൂടെ ആശാ ഭോസ്‌ലെ എന്ന ഇതിഹാസം ഇനിയും പാടിക്കൊണ്ടിരിക്കും. സിരകളില്‍ പടര്‍ന്നുകയറുന്ന ആശാ മാജിക്. ചിരിയും നിശ്വാസവും നെടുവീര്‍പ്പുപോലും ആശയോളം പാട്ടില്‍ ലയിപ്പിച്ച മറ്റൊരാളില്ലെന്നുതന്നെ പറയാം. നന്ദി ആശാ, പാട്ടുകേട്ട് പ്രണിയിക്കാന്‍ പഠിപ്പിച്ചതിന്... വിരഹത്തില്‍ പാട്ടായി വന്ന് കൂട്ടായി ഇരുന്നതിന്... ഭക്‌തിയുമായി നിറഞ്ഞതിന്... എല്ലാറ്റിനും നന്ദി... മാസ്‌മരിക ശബ്‌ദത്തിലൂടെ പതിറ്റാണ്ടുകളോളം ഇന്ത്യയെ ആവേശം കൊള്ളിച്ചതിന്... എല്ലാറ്റിനും നന്ദി.
സുധീപ് എസ്. കടവല്ലൂര്‍





