
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും 24 മണിക്കൂര്‍ വിലക്കിയതിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ധര്‍ണ്ണ. കൊല്‍ക്കത്തയിലെ ഗാന്ധിമൂര്ത്തിയിലാണ് മമത ധര്‍ണ്ണ നടത്തുന്നത്. രാവിലെ 11.40 മുതല്‍ ധര്ണ്ണയാരംഭിച്ചു. നേരത്തേ സിആര്പിഎഫിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മമതയെ ഏപ്രില്‍ 12 രാത്രി 8 മണി മുതല്‍ ഏപ്രില്‍ 13 വരെ പ്രചരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. എന്നാല്‍ കമ്മീഷന് പ്രധാനമന്ത്രിക്കും ബിജെപിയ്ക്കും വേണ്ടി കളിക്കുകയാണ് എന്നാരോപിച്ചാണ് മമതയുടെ പ്രതിഷേധം.
മമതയുടെ പ്രസ്താവന സംസ്ഥാനത്തുടനീളം ക്രമസമാധാന നിലയെ ബാധിക്കുമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പെരുമാറ്റച്ചട്ടത്തിന് എതിരായി കണക്കാക്കുമെന്നും നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് മമതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിനെതിരേ ഇന്നലെ തന്നെ മമത ധര്‍ണ്ണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്തിരിക്കുന്ന ജനാധിപത്യവും ഭരണഘടനാ വിരുദ്ധവുമായ തീരുമാനങ്ങള്‍ക്കെതിരേ പ്രതികരിക്കുമെന്നും ഗാന്ധിമൂര്ത്തിയില് ഉച്ചയ്ക്ക് 12 മണിമുതല്‍ ധര്‍ണ്ണ ഇരിക്കുമെന്നും ഇന്നലെ തന്നെ മമത വ്യക്തമാക്കിയിരുന്നു.
രാവിലെ 11.40 ന് ഗാന്ധിമൂര്ത്തിയില് വീല്‍ചെയറില്‍ എത്തിയ മമത അവിടെ കുത്തിയിരിപ്പ് തുടങ്ങിയിട്ടുണ്ട്്. വേദിയില്‍ മമത തനിച്ചാണ് ഇരിക്കുന്നത്. ബിജെപിയ്ക്ക് നാണമില്ലെന്നും നാലു പേരെ കൊലപ്പെടുത്തിയിട്ടും നാലു റൗണ്ട് കൂടി വെടിവെയ്ക്കണം എന്നാണ് അവര്‍ പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇങ്ങിനെ സംസാരിക്കാമോയെന്നും മമത ചോദിച്ചു. രാഷട്രീയത്തില്‍ നമ്മള് നാവു നിയന്ത്രിക്കണം. എന്തുതരം രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. ഇത്തരക്കാര്‍ ബംഗാളിന്റെ ഭാഗാമാണെന്നതില് താന്‍ ലജ്ജിക്കുന്നു. അത്തരക്കാരെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയത്തില്‍ നിന്നു തന്നെ നിരോധിക്കണം.
'വെടിവെയ്ക്കൂ' എന്ന രീതിയിലുള്ള കലാപം ഉണ്ടാക്കുന്ന തരം പ്രസ്താവന നടത്തുന്നവരെ രാഷ്ട്രീയത്തില്‍ നിന്നു തന്നെ വിലക്കുന്ന ബില്‍ താന്‍ നിയമസഭയില്‍ കൊണ്ടുവരുമെന്നുംപറഞ്ഞു. സീതാല്‍ കുച്ചി രീതിയിലുള്ള സംഭവങ്ങള്‍ കൂടുമെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. മറ്റുള്ളവര്‍ പറയുന്നത് മരണസംഖ്യ ഉയരട്ടെ് എന്നാണ്. ഇത്തരം പ്രതികരണം എന്നെ ഞെട്ടിക്കുകയാണ്. എന്തു തരം നേതാക്കളാണ് നമുക്കുള്ളതെന്ന് ചോദിച്ച മമത അവരെ രാഷ്ട്രീയമായി നിരോധിക്കണമെന്നും കഴിഞ്ഞ ദിവസം നാഡിയയിലെ റാണാഘട്ടിലെ റാലിയില്‍ പറഞ്ഞു.






