
42-ാം വയസിലാണ് സംഗീതസംവിധായകന് വാജിദ് ഖാന് അപ്രതീക്ഷിതമായി വിട വാങ്ങിയത്. സഹോദരന് സാജിദിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സംഗീത പ്രയാണം. സാജിദ്-വാജിദ് എന്നീ പേരിലാണ് ഈ ഇരട്ട സംഗീതസംവിധായകര്‍ അറിയപ്പെട്ടിരുന്നത്. വാജിദ് ഖാന്റെ മരണത്തെ കുറിച്ചുള്ള കുടുംബത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വാജിദ് അന്തരിച്ചത്.
അദ്ദേഹത്തിന് വൃക്ക ദാനം ചെയ്തത് സഹോദരന് സാജിദിന്റെ ഭാര്യ ലുബ്നയായിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തിയിരിയ്ക്കുന്നത്. 2019-ലായിരുന്നു വാജിദിന്റെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിലായിരുന്നു രോഗം കൂടുകയും അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ആദ്യം വാജിദിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത് അമ്മ റസീനയായിരുന്നു. എന്നാല്‍ പ്രമേഹ രോഗവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാല്‍ അത് സാധ്യമായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ക്കിടയില്‍ മറ്റൊരു ദാതാവിനെ തേടുന്നതിനിടയില്‍ ലുബ്ന ഇതിന് തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
ആരും അറിയാതെ ലുബ്ന വൃക്ക മാറ്റിവയ്ക്കലിന് ആവശ്യമായ പരിശോധനകളെല്ലാം നടത്തി. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നു കണ്ടതോടെ ലുബ്ന വാജിദിനു വൃക്ക ദാനം ചെയ്തു. സംഗീത റിയാലിറ്റി ഷോ വേദിയില്‍ അതിഥികളായെത്തിയപ്പോഴാണ് സാജിദും അമ്മ റസീനയും ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് സ്വന്തം മാതാപിതാക്കള്‍ പോലും മക്കള്‍ക്കു വേണ്ടി അവയവദാനത്തിനു തയ്യാറാകാറില്ലെന്നും, അങ്ങനെയിരിക്കെയാണ് രണ്ടാമതൊന്നു ചിന്തിക്കാതെ ലുബ്ന അത് ചെയ്തതെന്നും ഇരുവരും വേദിയില്‍ പറഞ്ഞു.






