
തിരുവനന്തപുരം: മുഖ്യമ്രന്തി പിണറായി വിജയന് സുരക്ഷാകവചമൊരുക്കിയിരുന്ന മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കു വഴിവച്ചത് സി.പി.എമ്മിനു ലഭിച്ച നിയമോപദേശവും കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലും. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയത്തില്‍ വിള്ളലുണ്ടാക്കുന്നതായിരുന്നു ലോകായുക്ത ഉത്തരവ് വന്നശേഷമുള്ള സംഭവവികാസങ്ങള്‍. ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതു കഴിഞ്ഞ തിങ്കളാഴ്ചയാണ്. അപ്പോള്‍ത്തന്നെ അതു മുഖ്യമന്ത്രിക്കു ലഭ്യമാക്കി. തുടര്‍ന്ന് കോടിയേരിയും എം.എ. ബേബിയുമുള്‍പ്പെടെ സി.പി.എം. നേതൃത്വവുമായും ജലീലുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
പാര്‍ട്ടി വേദികളില്‍ ആലോചിക്കാതെ, ജലീല്‍ വിഷയത്തില്‍ എ. വിജയരാഘവനും എ.കെ. ബാലനും അഭിപ്രായം പറഞ്ഞതു ശരിയായില്ലെന്ന നിലപാടാണു കോടിയേരിക്കും ബേബിക്കുമുണ്ടായിരുന്നത്. ഇക്കാര്യം ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. ലോകായുക്ത വിധി ഹൈക്കോടതി അംഗീകരിച്ചാല്‍ ജലീല്‍ രാജിവച്ചേപറ്റൂ. അതിന് അവസരം കൊടുക്കാതെ രാജിവച്ചാല്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും പ്രശ്നമുണ്ടാകില്ലെന്ന അഭിപ്രായവും ഇവര്‍ മുഖ്യമന്ത്രിയോടു പങ്കുവച്ചു. ഇ.പി. ജയരാജനു നല്‍കാത്ത ആനുകൂല്യം ജലീലിനു നല്കുന്നതു വിവാദമാകുകയും ചെയ്തു. ഇതോടെയാണു രാജി അനിവാര്യമെന്ന നിലയിലേക്ക് ചര്‍ച്ചകളെത്തിയത്. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടന്നു.
തുടര്‍ന്ന്, ജലീലിനെ എ.കെ.ജി. സെന്ററിനടുത്തുള്ള പാര്‍ട്ടി ഫ്ളാറ്റിലേക്കു കോടിയേരി വിളിപ്പിച്ചു. സ്വകാര്യവാഹനത്തിലെത്തിയ മന്ത്രിയോട് രാജിയാണു പാര്‍ട്ടി തീരുമാനമെന്നു കോടിയേരി അറിയിച്ചു. ഇതോടെ ജലീല്‍ രാജിക്കത്ത് തയാറാക്കി ഗണ്‍മാനെ ഏല്‍പ്പിച്ച് മലപ്പുറത്തെ വീട്ടിലേക്കു മടങ്ങി. ഗണ്‍മാനാണു രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്.
സി.എസ്. സിദ്ധാര്ത്ഥന്






