
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം. സ്ഥാനാർഥികളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിശ്ചയിക്കും. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ്. മൂന്നുസീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.
ഒരു സീറ്റ് ചെറിയാൻ ഫിലിപ്പിന് നൽകാനാണു സാധ്യത. അടുത്തയാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്. ചെറിയാൻ ഫിലിപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാഞ്ഞതും രാജ്യസഭ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി ആശുപത്രിയിലായതിനാൽ ഓൺലൈനിലൂടെയാകും യോഗത്തിൽ പങ്കെടുക്കുക.
നിയമസഭയിലെ കക്ഷിബലമനുസരിച്ച് ഒരു സീറ്റിൽ പ്രതിപക്ഷത്തുനിന്നുള്ള സ്ഥാനാർഥി വിജയിക്കും. ഭരണപക്ഷത്തിനുകിട്ടുന്ന രണ്ടുസീറ്റും സി.പി.എമ്മിനായിരിക്കും. ചെറിയാൻ ഫിലിപ്പിനെ കൂടാതെ, അടുത്ത സീറ്റിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളത്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക്, ജി. സുധാകരൻ, വിജു കൃഷ്ണന്റെ എന്നിവരുടെ പേരുകളാണ്.






