
ന്യൂഡല്‍ഹി: തോന്നുന്നത് വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയും കാട്ടാത്ത സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. പ്രസ്താവനകള്‍ അദ്ദേഹത്തെ പലപ്പോഴും വിവാദത്തിലാക്കാറുമുണ്ട്. ഇത്തവണ കുംഭമേളയെ പരിഹസിച്ചുള്ള അദ്ദേഹത്തിന്റെ വിവിധ ട്വീറ്റുകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മഹാകുംഭമേളയെ 'കൊറോണാ ആറ്റംബോംബ്' എന്ന് കളിയാക്കിയായിരുന്നു വര്‍മ്മയുടെ ട്വീറ്റ്. കുംഭമേളയിലെ വന്‍ ജനക്കൂട്ടം കോവിഡ് 19 ന് കാരണമാകുമെന്ന് പറഞ്ഞു.
കുംഭമേളയുടെ വിവിധ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് വിവിധ രീതിയിലുള്ള പരിഹാസങ്ങളാണ് നടത്തിയിരിക്കുന്നത്. ''നമ്മള് കാണുന്നത് കുംഭമേളയല്ല. മറിച്ച് കൊറോണ ആറ്റംബോംബാണ്. ആരാണ്് ഈ വൈറല്‍ സ്ഫോടനം ഉണ്ടാക്കിവിടുന്നതെന്ന് ഞാന്‍ അമ്പരക്കുന്നു എന്നായിരുന്നു ആദ്യ ട്വീറ്റില്‍ വര്‍മ്മയുടെ പരിഹാസം. ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ നിന്നുള്ള കോവിഡ് പോസിറ്റീവുകളുടെ എണ്ണം പറയുന്ന വാര്‍ത്തകളും വര്‍മ്മ ഷെയര്‍ ചെയ്തിട്ടുണ്ട്.
കുംഭമേളയ്ക്ക് ഇന്ത്യയുടെ ഗുഡ്ബൈ. കൊറോണയ്ക്ക് സ്വാഗതം എന്നാണ് ഒരു പോസ്റ്റ്. ലോക്ക് ഡൗണിന് 'ബ്രേക്ക് ദി ചെയിന്‍' എന്ന പുതിയ പേര് കിട്ടിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനം. കുംഭമേളയില്‍ പങ്കെടുത്ത മടങ്ങുന്നവര്‍ മാസ്ക്ക് ധരിക്കേണ്ട കാര്യമില്ല. അവര്‍ ഗംഗയില്‍ വൈറസിനെ കഴുകിക്കളഞ്ഞവരാണ് എന്ന പേരിടല്‍ ചടങ്ങിലെ നിയമപരമായ മുന്നറിയിപ്പോടെ എല്ലവരേയും ക്ഷണിക്കുന്നെന്നും പരിഹസിച്ചിട്ടുണ്ട്. പേരിടല്‍ ചടങ്ങിലേക്ക് നിങ്ങളുടെ സമ്മാനം കൊണ്ടുവരാനും മറക്കരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
31 ലക്ഷം പേര് പങ്കെടുത്ത കുംഭമേളയില്‍ 26 പേര്‍ക്ക് മാത്രമാണ് പരിശോധനയില്‍ പോസിറ്റീവായത്. അതുകൊണ്ടു തന്നെ ഒരു കുഴപ്പവുമില്ല. എല്ലാവരും ആഘോഷിക്കട്ടെ എന്നാണ് മറ്റൊരു ട്വീറ്റ്. സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രം ബസുകള്‍ ഓടട്ടെ എന്നും ആരും നിന്ന് യാത്ര ചെയ്യരുത് എന്നുമാണ് സര്‍ക്കാരിന്റെ നിയന്ത്രണം. നിന്നു യാത്ര ചെയ്യുന്നവര്‍ ഇരിക്കുന്നവരുടെ മടിയില്‍ ഇരിക്കട്ടെ എന്ന് തീരുമാനം എടുത്താല്‍ മതിയാരുന്നല്ലോ എന്നതാണ് തന്റെ ചോദ്യമെന്നും കുറിച്ചിട്ടുണ്ട്. ദെയ്യം എന്ന് പേരില്‍ ഒരു ഹൊറര്‍ ചിത്രമാണ് ഈ വര്‍ഷം രാംഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.






