
കണ്ണൂര്‍: പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ മുഖ്യപ്രതി ഉള്‍പ്പടെ രണ്ടുപേര്‍ക്കൂടി പിടിയില്‍. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ രണ്ടാം പ്രതിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മരണത്തെ സംബന്ധിക്കുന്ന അന്വേണവും പുരോഗമിക്കുകയാണ്.
ഈ മാസം പത്താം തീയതിയിലാണ് മന്‍സൂര്‍ വധക്കേസ് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും സംസ്ഥാന ക്രൈംബ്രാഞ്ചിനു നല്‍കിയത്. അതിനു തൊട്ടു പിന്നാലെയാണ് മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതിയെന്നു സംശയിക്കുന്ന രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതോടെ കേസില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണവും ശക്തമായി. കഴിഞ്ഞ ദിവസമാണ് പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും മൂന്നാം പതി സംഗീത്, അഞ്ചാം പ്രതി സുഹൈല്‍ ഒന്നിച്ചാണ് ഒളിവില്‍ താമസിച്ചതെന്ന് വിവരം ലഭിച്ചത്. ഇതിനു മുന്‍പ് പുല്ലൂക്കര സ്വദേശി ബിജേഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്നുമാണ് ആരോപണം.
കേസില്‍ സുപ്രധാനമായ പല തെളിവുകളും ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നതായി പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്. മന്‍സൂറിന്റെ കൊലപാതക ദിവസം ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
മന്‍സൂറിന്റെ മരണത്തിനു തൊട്ടു പിന്നാലെനടന്ന രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും സംശയങ്ങള്‍ നിഴലിക്കുകയാണ്. രതീഷിന്റെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. രതീഷ് മരിക്കുന്നതിനു മുന്‍പ് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളോ മര്‍ദ്ധനമോ ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് ഡിഎന്‍എ പരിശോധന. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മരണത്തിന് അത്പ്പ സമയത്തിനു മുന്‍പാണ് രതീഷിന്െ ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റത്. ഇവയ്ക്കു പുറമേ മുഖത്തും പരിക്കേറ്റിരുന്നു. ഇവ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളാണോ എന്നതാണ് പോലീസിന്റെ സംശയം.






