
കണ്ണൂര്‍ : മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം. മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമം നടത്തുകയാണ്.
രതീഷിന്റെ ശരീരത്തില്‍ കണ്ടെത്തിയ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്നാണ് പ്രധാനമായും അന്വേഷിച്ചത്. രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ 45 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്.
കഴുത്ത്, കൈ, വയര്‍, തുട, പാദം തുടങ്ങിയ ഭാഗങ്ങളിലാണ് രതീഷിന്റെ പരുക്ക്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവുമായി അന്വേഷണ സംഘം വിശദമായ ചർച്ച നടത്തി. നിരീക്ഷണത്തിലുള്ള രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ പന്ത്രണ്ടുപേരുടെ മൊഴികൂടി എസ്പി നേരിട്ട് രേഖപ്പെടുത്തും.
മന്‍സൂര്‍ വധത്തിലെ ഒന്നിലധികം പ്രതികള്‍ രതീഷിനൊപ്പം വളയത്തുണ്ടായിരുന്നതിന്റെ ഫോണ്‍ രേഖകളും ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്‍ ശേഖരിച്ച ഫോണ്‍ വിവരങ്ങളും അന്വേഷണത്തിന് സഹായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു






