
കണ്ണൂര്‍: ഉത്സവകാലങ്ങളില്‍ മുസ്ലിംകള് അമ്പലപ്പറമ്പില്‍ പ്രവേശിക്കുന്നത് വിലക്കി കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സ്ഥാപിച്ച അറിയിപ്പ് ബോര്‍ഡ് വിവാദമാകുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ മല്ലിയോട്ട് പാലോട്ട്കാവില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
സി.പി.എം. പാര്‍ട്ടി ഗ്രാമത്തിലെ ക്ഷേത്രമാണെന്നതും കമ്മിറ്റിയില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെന്നതും ചൂണ്ടിക്കാട്ടി ബോര്‍ഡിനെച്ചൊല്ലി രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും സജീവമാണ്. കേരളത്തില്‍ സംഘപരിവാര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയായി വേണം ഇത്തരം അറിയിപ്പുകളെ കാണാനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്ക് വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിലെ വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചത്.കണ്ണൂരിലെ ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുത് എന്നോ വിശ്വാസികളല്ലാത്തവര്‍ പ്രവേശിക്കരുത് എന്നോ എഴുതാറുണ്ട്. എന്നാല്‍, മുസ്ലിംകള് എന്ന് പേരെടുത്ത് പറഞ്ഞ് വിലക്കാറില്ല. ക്ഷേത്ര മതിലിനുള്ളിലല്ല ഉത്സവപ്പറമ്പിലാണ് ഈ മാറ്റിനിര്‍ത്തല്‍ എന്നതാണ് ബോര്‍ഡ് സ്ഥാപിച്ചത് വിവാദമാകാന്‍ കാരണം.
ഈ നടപടി ബോര്‍ഡ് ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും എടുത്തുമാറ്റണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യമായല്ല ഇത്തരത്തിലുള്ള ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മുപ്പത് വര്‍ഷത്തോളമായി അത്തരം ബോര്‍ഡുകള്‍ വയ്ക്കാറുണ്ടെന്നും പറയപ്പെടുന്നു.
അവിടെ നടന്ന ചെറിയൊരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് അത് വര്‍ഗീയമായ വേര്‍തിരിവിലേക്ക് എത്താനുള്ള സാധ്യത ഒഴിവാക്കാനാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഈ തീരുമാനമെടുത്തതെന്നാണു സൂചന. ആ ബോര്‍ഡ് പറയുന്ന പ്രകാരമുള്ള വിലക്കില്ല് ക്ഷേത്രപരിസരത്ത് ഇല്ലെന്നും പരിപാടികള്‍ അവതരിപ്പിക്കാനും വെടിക്കെട്ടിനും ചന്തകള്‍ നടത്താനുമെല്ലാം മുസ്ലിം വിഭാഗത്തില്നിന്നുള്ളവര് എത്താറുണ്ടെന്നും കൂടാതെ ഇപ്പോഴും കുടുംബസമേതം വരുന്നവര്‍ പ്രവേശിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ബോര്‍ഡ് നീക്കംചെയ്യാന്‍ ക്ഷേത്രം സമിതി ആലോചന നടത്തുന്നുണ്ട്. സി.പി.എമ്മിനുള്ളില്നിന്നു തന്നെ അതിശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടുന്ന കമ്മിറ്റി വൈകിട്ടോടെ ബോര്‍ഡ് നീക്കുകയായിരുന്നു.






