
ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക റാലിക്കിടെയുണ്ടായ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ നടന് ദീപ് സിദ്ദുവിന് ജാമ്യം ലഭിച്ചു. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചര്. 30,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യവ്യവസ്ഥകളില്‍ പറയുന്നു.
ഹരിയാനയിലെ കര്‍ണാലില്‍ നിന്നാണ് ഫെബ്രുവരി 9ന് ദീപ് സിദ്ദു അറസ്റ്റിലായത്. കര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം അവതാളത്തിലാക്കാന്‍ ദീപ് സിദ്ദു ശ്രമിച്ചുവെന്ന് കര്‍ഷക നേതാക്കളും ആരോപിച്ചിരുന്നു. ചെങ്കോട്ടയിലേക്ക് ജനക്കൂട്ടത്തെ കയറ്റി കലാപത്തിന് ശ്രമിച്ചുവെന്നും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് കേസ്. എന്നാല്‍ ആരോപണത്തില്‍ ദീപ് സിദ്ദുവിനെതിരെ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കഴിഞ്ഞാഴ്ച കോടതിയില്‍ വാദിച്ചിരുന്നു.
പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് കര്‍ഷക നേതാക്കളാണ്. താന്‍ ഒരു കര്‍ഷക യൂണിയനിലും അംഗമാല്ല. ചെങ്കോട്ടയിലേക്ക് പോകാന്‍ ആരോടും ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചിട്ടില്ല. ജനക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നതിന് ഒരു തെളിവില്ലെന്നും ദീപ് സിദ്ദു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
ഒരു സംഘര്‍ഷത്തില്‍ പോലും ഇടപെട്ടിട്ടില്ല. ചെങ്കോട്ടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും മൂന്‍പ് അവിടെ നിന്ന് പോയിരുന്നു. അദ്ദേഹം പോലീസിനെ സഹായിക്കുകയാണ് ചെയ്തത്. ഒരു സംഘര്ഷത്തിലൂം പങ്കാളിയായിട്ടില്ല. കലാപത്തില്‍ പങ്കെടുത്തവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്. അവിടെ വന്നു എന്നതിന്റെ പേരില്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന കുറ്റം ചുമത്താന്‍ കഴിയില്ലെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.






