
കുമളി: കോവിഡ് വ്യാപനം കൂടി വരുമ്പോഴും തമിഴ് നാട്ടിലെ മുന്തിരിത്തോട്ടങ്ങളിലേക്ക് മലയാളികളുടെ ഒഴുക്ക്. കോവിഡും ലോക്ഡൗണും മൂലം വീട്ടിനുള്ളില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസമടക്കിയിരുന്ന മലയാളികള്‍ കൂട്ടത്തോടെ വീട് വിട്ടിറങ്ങി തുടങ്ങി.
കേരള അതിര്‍ത്തിയില്‍നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴ്നാട്ടിലെ ഗൂഡല്ലൂരിനു സമീപമുള്ള മുന്തിരിതോട്ടങ്ങളിലെത്താം. ഈസ്റ്ററിനും പിറ്റേന്നും വിഷുവിനും അഭൂതപൂര്‍വമായ തിരക്കാണു മുന്തിരിതോട്ടങ്ങളില് ദൃശ്യമായത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും നിരവധിയാളുകളാണ് മുന്തിരിതോട്ടം കാണാന്‍ എത്തുന്നത്.
മുന്തിരിതോട്ടത്തില്‍ സമയം ചിലവഴിക്കുന്നതും സെല്‍ഫിയെടുക്കുന്നതും മിക്കവര്‍ക്കും നവ്യാനുഭവമാണ്. കമ്പത്തിനും ഗുഡല്ലൂരിനുമിടയില് മൂന്നു തോട്ടങ്ങളിലാണ് സഞ്ചാരികള്‍ക്കു പ്രവേശനമുള്ളത്. സഞ്ചാരികള്‍ എത്തുന്നത് തോട്ടം ഉടമക്കും നേട്ടമാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന ആയിരക്കണക്കിന് കിലോ മുന്തിരിയാണു ദിവസവും വിറ്റഴിയുന്നത്.
മുന്തിരിക്കൊപ്പം വൈന്‍ ഉള്‍പ്പടെയുള്ള മുന്തിരി ഉല്പന്നങ്ങളും തോട്ടത്തില്‍ ലഭ്യമാണ്. അറുപത് രൂപയാണ് ഇന്നലത്തെ മുന്തിരിവില. കൃഷിയും വിളവെടുപ്പും ആദ്യമായി കാണുന്നത് അനുഭവഭേദ്യമാക്കിയാണു മലയാളി അതിര്‍ത്തി കടക്കുന്നത്. ഇ-പാസ് നിര്‍ബന്ധമാക്കിയതിനാലും വിനോദസഞ്ചാരത്തിന് നിയന്ത്രണം വന്നതിനാലും വരുംദിവസങ്ങളില്‍ തമിഴ്നാട്ടിലേക്കുള്ള യാത്ര കുറയും.






