
ന്യൂഡല്‍ഹി: സമ്പന്ന രാജ്യങ്ങളില്‍ പലതും ഇന്ത്യാക്കാര്‍ക്ക് മുന്നില്‍ മുഖം തിരിച്ച് നില്ക്കുമ്പോള് കോവിഡ് വ്യാപന ഭീതിയില്‍ നാട്ടുകാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിവാദ ഇന്ത്യന്‍ സ്വാമി നിത്യാനന്ദയും. തന്റെ സാമ്രാജ്യമായ കൈലാസ ദ്വീപിലേക്ക് ഇന്ത്യന്‍ ഭക്തരെ വരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. നിത്യാനന്ദയുടെ കൈലാസ ഭരണകൂടത്തിന് വേണ്ടി 19 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കൂടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭക്തരെ തന്റെ കൈലാഷ് ദ്വീപിലേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്ന് ഇതില്‍ പറയുന്നു. ലൈംഗിക പീഡനം, മനുഷ്യക്കടത്ത് തുടങ്ങി വിവിധ കേസുകളില്‍ പ്രതിയാണ് നിത്യാനന്ദ. മാസങ്ങള്‍ക്ക് മുമ്പാണ് കൈലാസ എന്ന പേരില്‍ ഒരു പ്രത്യേക ദ്വീപ് സൃഷ്ടിച്ചതായി ഇയാള്‍ പ്രഖ്യാപിച്ചത്. വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈലാഷ് പ്രത്യേക വിമാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിത്യാനന്ദയും വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം കൈലാഷ് എവിടെ എന്നത് നിത്യാനന്ദന് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്.






