
മുംബൈ∙ മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയില്‍ തീ പിടുത്തം. ചികിത്സയിലുണ്ടായിരുന്ന 13 രോഗികള്‍ വെന്തു മരിച്ചതായിട്ടാണ് വിവരം. ഐസിയുവില്‍ ഉണ്ടായിരുന്ന 17 രോഗികളില്‍ 13 പേരും മരണമടഞ്ഞു.
മുംബൈയില്‍ നിന്നും 70 കി.മീ. അകലെയുള്ള വരാറിലെ വിജയ് വല്ലഭ് ആശുപത്രിയലാണ് തീപിടുത്തമുണ്ടായത്. രാത്രി ഏറെ വൈകിയായിരുന്നു തീപിടുത്തം. സംഭവം നടക്കുമ്പോള്‍ ഇവിടെ 90 കോവിഡ് രോഗികള്‍ എങ്കിലും ഉണ്ടായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കോറോണാ വൈറസിനെതിരേ മഹാരാഷ്ട്ര ശക്തമായ പോരാട്ടം നടത്തുന്നതിനിടയിലാണ് ദാരുണ സംഭവം.
കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റുള്ള രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടുത്ത വിവരം പുറംലോകമറിഞ്ഞത്.
എട്ടു മുതല്‍ പത്ത് മൃതദേഹങ്ങള്‍ വരെ കണ്ടതായിട്ടാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനാ വിഭാഗം ഒന്നര മണിക്കൂറോളം പണിപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടാം നിലയിലെ ഐസിയു പുക കൊണ്ടു മൂടി. സംഭവം നടക്കുമ്പോള്‍ ഇവിടെ രണ്ടു നഴ്സുമാരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഡോക്ടര്‍മാരെ കണ്ടില്ലെന്നും പറഞ്ഞു.






