
തിരുവനന്തപുരം : കോറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ നിയന്ത്രണം. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന് അറിയിച്ചു. വാരാന്ത്യങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ ഉണ്ടാകൂ. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സര്‍വ്വീസുകള്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കേണ്ടതാണ്.
അടിയന്തിര-അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ എല്ലാ വ്യവസായങ്ങള്‍ക്കും, കമ്പനികള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും എല്ലാ സമയവും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ നല്കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
അവശ്യസാധനങ്ങള്‍, പച്ചക്കറികള്‍, പാല്, ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ആളുകള്‍ വീടുകളില്‍ നിന്നും കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കൊറോണ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാന യാത്രകള്‍ എന്നിവ അനുവദനീയമാണ്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍,സ്റ്റോപ്പുകള്‍,സ്റ്റാന്‍ഡുകള്‍ എന്നിവയിലേക്കുള്ള വാഹനങ്ങള്‍ക്ക് വിലക്കില്ല. പുറത്തേക്കുമുള്ള പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍ എന്നിവ അനുവദിച്ചിരിക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ട്യൂഷന് സെന്ററുകളും ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. യാതൊരുവിധ സമ്മര്‍ വെക്കേഷന് ക്യാമ്പുകളും നടത്താന്‍ പാടില്ല എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു






