
തിരുവനന്തപുരം: ജനിതക മാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് പല ജില്ലകളിലും കണ്ടെത്തിയതോടെ റെയില്‍വേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗവ്യാപനം തടയുന്നതിനോടൊപ്പം വ്യാപന സാധ്യത മുന്നില്‍കണ്ട് ഓക്സിജന്‍ കിടക്കകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്സിജന്‍ കിടക്കകളും ആവശ്യമായ ബഫര്‍ സ്റ്റോക്കുകളും ഉറപ്പാക്കും. ഇ.എസ്.ഐ. കോര്പറേഷന് കീഴിലുളള ആശുപത്രികളിലുളള കിടക്കകള്‍ ഓക്സിജന്‍ കിടക്കകളാക്കി മാറ്റും.ജയിലുകളില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സജീവ കേസുകള്‍ 255 ശതമാനമാണ് വര്‍ധിച്ചത്. കോവിഡ് ബ്രിഗേഡില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കുറവാണ്. കൂടുതല്‍ പേര് കോവിഡ് ബ്രിഗേഡില്‍ ചേരാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി.






