
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില കുറച്ചതായി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാനങ്ങള്ളിൽ നിന്ന് വാക്സിന് ഡോസ് ഒന്നിന് 300 രൂപ ഈടാക്കാനാണ് പുതിയ തീരുമാനം. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് നിശ്ചയിച്ചിരുന്ന നിരക്ക്. എന്നാൽ ഇതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വില കുറക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല വ്യക്തമാക്കി.
നിലവിൽ സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ നിരക്ക് മാത്രമാണ് കുറച്ചിരിക്കുന്നത്. മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല. നേരത്തെ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും കോവിഷീൽഡ് ഒരു ഡോസിന് 400-ഉം 600-ഉം രൂപ നൽകേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാരിന് വാക്സിൻ ലഭിക്കുക 150 രൂപയ്ക്കായിരുന്നു. ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വീറ്റിലൂടെ അറിയിച്ചു. എന്നാൽ ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന് സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് ഒരു ഡോസ് നൽകുക.






