
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ ഇന്ത്യയ്ക്കുള്ള സഹായവുമായി അമേരിക്കയുടെ ആദ്യ വിമാനം രാവിലെ ഇന്ത്യയിലെത്തി. ഒരാഴ്ചയായി ദിനംപ്രതിയുള്ള കോവിഡ്കേസുകള്‍ മൂന്നലക്ഷം കടന്നിരിക്കെ ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലാത്തതിന്റെയും ഓക്സിജന്‍ ക്ഷാമത്തിന്റെയും അനേകം റിപ്പോര്‍ട്ടുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുകുന്നത്.
400 ഓക്സിജന്‍ സിലിണ്ടറുകള്‍, 10 ലക്ഷം റാപ്പിഡ് കൊറോണാവൈറസ് ടെസ്റ്റ് കിറ്റുകള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ എന്നിവയുമായി സൂപ്പര്‍ ഗ്യാലക്സി മിലിറ്ററി ട്രാന്സ്പോര്ട്ടര് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഇറങ്ങി. വിതരണത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. 70 വര്‍ഷത്തെ സഹകരണത്തില്‍ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നതായി അമേരിക്ക കുറിച്ചു. വ്യക്തികളും സ്ഥാപനങ്ങളും നല്കിയ സംഭാവനകളുടെ ഭാഗമായുള്ള ഉപകരണങ്ങളുമായി പ്രത്യേക വിമാനം ഇന്ത്യയില്‍ ഇറങ്ങുന്നത അടുത്തയാഴ്ചയും തുടരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് സുസ്ഥിരമായ പിന്തുണ നല്‍കുമെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞിരുന്നു. മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ തങ്ങളുടെ ആശുപത്രികള്‍ പ്രതിസന്ധിയില്‍ ആയപ്പോള്‍ ഇന്ത്യ നല്കിയ സഹകരണയും പിന്തുണയും മറക്കില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടിവരുന്ന സമയത്ത് സഹായവുമായി എത്തുന്ന കാര്യം അന്നു തന്നെ അമേരിക്ക തീരുമാനിച്ചിരുന്നെന്നും ബൈഡന് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ വസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസും വ്യാഴാഴ്ച പറഞ്ഞിരുന്നു.
തിങ്കളാഴ്ച നരേന്ദ്രമോഡിയും ജോബൈഡനും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും മഹാമാരിയുടെ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കോവിഡ് കേസുകളുടെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 3.22 കോടിയായിരുന്നു അമേരിക്കയില്‍ രോഗബാധിതര്‍. രണ്ടാം വരവില്‍ കനത്ത നാശം വിതച്ചിരിക്കുന്ന ഇന്ത്യയില്‍ 1.87 കോടിയാണ് രോഗം ബാധിച്ചവര്‍. അമേരിക്കയില്‍ കോവിഡില്‍ 5.7 ലക്ഷം പേര് മരണമടഞ്ഞപ്പോള്‍ 2.08 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറ കൊള്ളുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച നരേന്ദ്രമോഡി പറഞ്ഞത്. ഒരു വര്‍ഷം തയ്യാറെടുക്കാന്‍ സമയമുണ്ടായിട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ഓക്സിജനും വാക്സിനും മരുന്നുകള്‍ക്കുമെല്ലാം ക്ഷാമം നേരിടുകയാണ്.






