
ന്യൂ ഡൽഹി : വാഹനങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നൂലാമാലകൾ ഇനി ഒഴിവാക്കും. ഇതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്.
പുതിയ വ്യവസ്ഥയനുസരിച്ച് പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ലളിതമായ മാര്‍ഗം ഏര്‍പ്പെടുത്തും. വാഹന നികുതി രണ്ടുവര്‍ഷത്തേക്കോ അതിന്റെ ഗുണിതമായോ വാങ്ങും.
1988-ലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യാതെ ഒരുവര്‍ഷം വരെ ഉപയോഗിക്കാം. എന്നാല്‍, ഈ കാലയളവിനുള്ളില്‍ പുതിയ രജിസ്ട്രേഷന് നടത്തിയിരിക്കണം. ഇതിനായി വാഹനത്തിന് എന്‍.ഒ.സി., റോഡ് നികുതി രേഖകള്‍ തുടങ്ങിയവ ഹാജരാക്കണം. ഇവയ്ക്ക് കാലതാമസം വരാറുണ്ട്. ഇത്തരം നടപടികൾ ലഘൂകരിക്കാനാണ് നീക്കം.






