
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഐഎം.തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് കുഴല്‍പണം കടത്തിയത്. തീവ്രവര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബിജെപി കുഴല്‍പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.'ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണന്നും സിപി ഐ എം.പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ചെറിയ മീനുകള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇതിന് പിന്നില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ അത് നിഷേധിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. സിപിഐ എമ്മിനെതിരെ കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കുഴല്‍പ്പണം കടത്തിയതിന് പിന്നില്‍ ഒരു ദേശീയ പാര്‍ടിയെന്ന് മാത്രം പറഞ്ഞ് മാധ്യമങ്ങളും വൈകിയാണെങ്കിലും ബിജെപിയുടെ പേര് പറയാന്‍ നിര്‍ബന്ധിതരായി. ഒരു നിലക്കും ആര്‍ക്കും അവഗണിക്കാനാകാത്ത തെളിവാണ് പുറത്തുവരുന്നതെന്ന് ഇവ വ്യക്തമാക്കുന്നു.'
കേരളത്തിലെത്തിച്ച പണത്തിന്റെ ഒരു ഭാഗം മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്. അതിലും എത്രയോ വലിയ തുക ബിജെപി നേതാക്കള്‍ക്ക് ലഭിച്ചു കാണും. ഇത് അന്വേഷണത്തില്‍ പുറത്തുവരും. കള്ളപണം ഇടപാട് ഒരു പരാതിയുമില്ലാതെതന്നെ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും. എന്നാല്‍ പരാതി കിട്ടിയിട്ടുപോലും ഈ ഏജന്‍സികള്‍ സംഭവം അറിഞ്ഞ മട്ടില്ല എന്നും സിപി ഐ എം ആരോപിച്ചു.






