
പാലക്കാട്: ബി.ജെ.പി പ്രതീക്ഷ വച്ചുപുലര്‍ത്തിയ പാലക്കാട്, നേമം മണ്ഡലങ്ങള്‍ അവസാന നിമിഷത്തില്‍ കൈവിട്ടു പോകുന്നു. പാലക്കാട് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ഇ. ശ്രീധരന് അവസാന റൗണ്ടുകളില്‍ പിന്നില്‍ പോയി. സിറ്റിംഗ് എം.എല്‍.എ ഷാഫി പറമ്പില്‍ 3544 വോട്ടിറെ ഭൂരിപക്ഷം പിടിച്ച് വിജയത്തിലെത്തി. ചുരുക്കം വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. 3840 വോട്ടിനായിരുന്നു ഷാഫിയുടെ വിജയ. ഷാഫിയുടെ ഹാട്രിക് വിജയമാണിത്.
നേമത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റും അവസാന റൗണ്ടുകളില്‍ കൈവിട്ടുപോയി. എല്‍.ഡി.എഫിലെ വി.ശിവന്‍കുട്ടി 3310 ല്‍ ഏറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. അവസാന റൗണ്ടില്‍ ഏതാനും ബൂത്തുകള്‍ കൂടി എണ്ണാനുണ്ടെങ്കിലും ഫലത്തെ ബാധിക്കില്ലെന്നാണ് സൂചന.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ ഒരു ചലനവുമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മഞ്ചേശ്വരത്ത് പരാജയപ്പെട്ട സുരേന്ദ്രന് ഇത്തവണ തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും പിന്നോക്കം പോകുകയായിരുന്നു.
കഴക്കൂട്ടത്ത് മത്സരിച്ച ശോഭ സുരേന്ദ്രനും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും കടകംപള്ളി സുരേന്ദ്രന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.






