
തിരുവനന്തപുരം : മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മകൻ ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നീടാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത്. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.
വാളകം കീഴൂട്ട് രാമൻപിള്ളയുടേയും കാർത്യായനിയമ്മയുടേയും മകനായി 1934 ഏപ്രിൽ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളളയുടെ ജനനം. കേരള കോൺഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ ആയിരുന്നു അദ്ദേഹം. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്തു അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും അദ്ദേഹമാണ്. രാഷ്ട്രീയ ജീവിതത്തിനിടയിൽ കുറച്ച് കാലത്തേക്കെങ്കിലും സിനിമയിലും മുഖം കാണിക്കാൻ എത്തി.
വിദ്യാർത്ഥിയായിരുന്ന കാലത്ത് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന അദ്ദേഹം കോണ്‍ഗ്രസിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശിച്ചത്. 1964 ൽ കെ.എം.ജോർജിനൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി കോൺഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളിൽ ഒരാളായി. ജോർജ് ചെയർമാനായ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ബാലകൃഷ്ണപിള്ള.
കെ.എം. ജോർജിന്റെ മരണത്തിനു പിന്നാലെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടന്ന് കേരള കോൺഗ്രസ് പിളരുകയും 1977 ൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1975-ല്‍ സി.അച്യുത മേനോന് സര്‍ക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്.
പിന്നീട് 1980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചു. 1971-ല്‍ മാവേലിക്കരയില്‍നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ല്‍ കേരള മുന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനായി നിയമിക്കപ്പെട്ടു.
പരേതയായ ആർ. വൽസലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ.ബി.ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ മക്കൾ. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് ( ദുബായ്), ടി.ബാലകൃഷ്ണൻ ( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി).






