
കോന്നി: യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററുടെ പരാജയത്തോടെ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് യുഗം അവസാനിച്ചു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം മുന്നണി സ്ഥാനാര്‍ഥിയെ കാലുവാരി തോല്‍പ്പിച്ച അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും വോട്ടര്‍മാര്‍ നല്കിയ തിരിച്ചടി കൂടിയായി പരാജയം. അടൂര്‍ പ്രകാശോ അദ്ദേഹം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയോ മത്സരിച്ചാല്‍ കോന്നിയില്‍ വിജയം അവര്ക്കായിരിക്കുമെന്ന അഹന്തയ്ക്ക് കൂടിയായി പരാജയം.
കാല് നൂറ്റാണ്ടായി പാര്‍ട്ടിയെയും ജനങ്ങളെയും വരുതിയിലാക്കി സ്വന്തം താല്പര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കിയിരുന്ന അടൂര്‍ പ്രകാശിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെയാണ് കാലിടറി തുടങ്ങിയത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും എം.പിയായി വിജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാമെന്നും കരുതിയാണ് പാര്‍ലമെന്റിലേക്ക് ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ചത്. ശബരിമല തരംഗത്തില്‍ വിജയിച്ചെങ്കിലും കേന്ദ്രത്തില്‍ യു.പി.എ ദയനീയമായി പരാജയപ്പെട്ടു. പിന്നാലെ കോന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്തനായ റോബിന് പീറ്ററെ മല്സരിപ്പിക്കുന്നതിനായി അടൂര്‍ പ്രകാശ് കഠിന പ്രയത്നം നടത്തി. ഡി.സി.സി നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം കെ.പി.സി.സി അംഗീകരിച്ചില്ല. പകരം മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്.
തെരഞ്ഞെടുപ്പില്‍ സജീവമല്ലാതിരുന്ന അടൂര്‍ പ്രകാശും റോബിന് പീറ്ററും കൂടി മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ ചരടു വലിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചു. ഈഴവ സമുദായത്തിന് നിര്‍ണായകമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മോഹന്‍രാജ് നായരാണന്ന പ്രചാരണവും നടത്തി വോട്ട് മറിക്കാനും ഈ പക്ഷം ശ്രമിച്ചതായി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
മോഹന്‍ രാജിന്റെ പരാജയത്തിന് കാരണം അടൂര്‍ പ്രകാശ്, റോബിന് പീറ്റര്‍ അച്ചുതണ്ടാണന്ന ആരോപണം നിലനില്‍ക്കേയാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
ഇവിടെ വീണ്ടും റോബിന് പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമായി അടൂര്‍ പ്രകാശ് രംഗത്തെത്തി. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞത് അംഗീകരിക്കാത്തതു കൊണ്ടാണ് മണ്ഡലം നഷ്ടപ്പെട്ടതെന്നും ഇക്കുറി തന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തി വിജയിപ്പിക്കുന്ന ഉറപ്പിന്മേലാണ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ റോബിന് പീറ്ററെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. എന്നാല്‍ റോബിന് പീറ്ററിനെതിരേ ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി അംഗങ്ങളും പരാതി നല്‍കിയിട്ടും കെ.പി.സി.സിയും ഹൈക്കമാന്‍ഡും പരിഗണിച്ചില്ല.
ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനുമൊടുവില്‍ റോബിന് പീറ്ററെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മല്സരിച്ചിടത്തൊക്കെ ഒരിക്കലും പരാജയപ്പെടാതെ കാല് നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിലെത്തുകയും പ്രസിഡന്റ് പദം അലങ്കരിക്കുകയും ചെയ്ത റോബിന് പീറ്റര്‍ ജീവിതത്തിലെ ആദ്യ തിരിച്ചടിയാണ് ഇപ്പോള്‍ ഏറ്റു വാങ്ങിയത്. 1996 മുതല്‍ 23 വര്‍ഷം അടൂര്‍ പ്രകാശ് അടക്കി വാണ കോന്നി ഉപതെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലേക്ക് പ്രമാടം ഡിവിഷനില്‍ മല്‍സരിച്ച റോബിന് പീറ്റര്‍ ജില്ലയിലെ തന്നെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ രൂപീകരണ കാലം മുതല്‍ യു.ഡി.എഫ് ഭരിച്ചു വന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു.
കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂര്‍, മൈലപ്ര, സീതത്തോട്,ചിറ്റാര്‍, വള്ളിക്കോട് എന്നിങ്ങനെ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോന്നി, തണ്ണിത്തോട് എന്നവയൊഴികെ ഒന്‍പത് പഞ്ചായത്തുകളും എല്‍.ഡി.എഫ് നേടി. ഇത് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിക്കാനും, ഭൂരിപക്ഷം ഉയര്‍ത്താനും കഴിയുമെന്ന എല്‍.ഡി.എഫ് പ്രതീക്ഷയാണ് ഇപ്പോള്‍ ഫലം കണ്ടെത്.
മറുപക്ഷത്താകട്ടെ വിരുദ്ധ ചേരിയിലെ നേതാക്കള്‍ അടക്കമുള്ളവര്‍ അടൂര്‍ പ്രകാശിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും, പി. മോഹന്‍രാജിനെ പരാജയത്തിനിടയാക്കിയ നിലപാടിനെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മൗനം ദീക്ഷിച്ചിരുന്നു.അവര്‍ ഒപ്പം നിന്ന് അടൂര്‍ പ്രകാശിനോടും റോബിന് പീറ്ററോടുംമധുര പ്രതികാരം ചെയ്തതിന്റെ ഫലമാണ് പരാജയമെന്ന് കരുതേണ്ടിയിരിക്കുന്നു.
ആറ്റിങ്ങലിലെ എം.പി അവിടുത്തെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങളുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പരസ്യമായി പറഞ്ഞതും കൂട്ടി വായിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ റോബിന് പീറ്ററെയല്ല, അടൂര്‍ പ്രകാശിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയതെന്നു തന്നെ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോന്നി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന റോബിന് പീറ്ററിന്റെ വോട്ടുകള്‍ കുറയാന്‍ കാരണമായി.
റോബിന് പീറ്ററുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അടൂര്‍ പ്രകാശിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡിനോടും, കെ.പി.സി.സിയോടും സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.






