
ന്യൂഡല്‍ഹി: പാര്‍ട്ടി വന്‍ വിജയം നേടിയപ്പോഴും നേതാവ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൃണമൂല്‍ കോണ്‍ഗ്രസ് നന്ദിഗ്രാമില്‍ മമതാബാനര്‍ജി തോറ്റതിനെ തുടര്‍ന്ന് നടത്തിയ റീ കൗണ്ടിംഗ് ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. മുഖ്യ എതിരാളി സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ 1,736 വോട്ടിനായിരുന്നു മമതാബാനര്‍ജി പരാജയപ്പെട്ടത്. റീകൗണ്ടിംഗ് ആവശ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തോട് വിവിപാറ്റ് സ്ലിപ്പ് കൂടി പരിശോധിച്ച ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയിരിക്കുന്ന മറുപടി.
വോട്ടെണ്ണലില്‍ കൃത്രിമം നടന്നതായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. കോടതിയെ സമീപിക്കുമെന്നും മമതബാനര്‍ജി വ്യക്തമാക്കി. ''നന്ദിഗ്രാമിലെ ജനത എന്തു വിധിച്ചാലും അത് സ്വീകരിക്കും. വമ്പന്‍ വിജയം നേടുന്നതിന് നന്ദിഗ്രാം ബലികഴിക്കപ്പെട്ടു. സംസ്ഥാനം പിടിച്ചെടുക്കാനായി. പക്ഷേ വോട്ടെണ്ണലില്‍ എന്തെങ്കിലും കൃത്രിമം ബോദ്ധ്യപ്പെട്ടാല്‍ കോടതിയെ സമീപിക്കും.'' മമത പ്രതികരിച്ചു.
ബംഗാളില്‍ 200 ലധികം സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ ഭരണം നില നിര്‍ത്തിയത്. അതേസമയം സാധാരണഗതിയില്‍ താമസിച്ച് അപ്ഡേഷന് നടത്താറുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ മമത നന്ദിഗ്രാമില്‍ ലീഡ് ചെയ്യുന്നതായിട്ടാണ് രാത്രി 10.30 വരെ കാണിച്ചിരുന്നത്.
വോട്ടെടുപ്പിലോ എണ്ണലിലോ കൃത്രിമം നടന്നിരിക്കാമെന്നാണ് തൃണമൂലിന്റെ നേതാക്കളും പറയുന്നത്. സംസ്ഥാനത്ത് പാര്‍ട്ടി നാലില്‍ മൂന്ന് സീറ്റുകളും പിടിച്ചപ്പോള്‍ നേതാവ് തോറ്റു പോകുന്നത് സംശയാസ്പദമാണെന്ന് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയാന് പറഞ്ഞു. വോട്ടെണ്ണലില്‍ പകുതിയോളം സമയത്തും സുവേന്ദു അധികാരി പിന്നിലായിരുന്നു എന്നും പറയുന്നു.
അതേസമയം ബിജെപിയുടെ ശക്തമായ തെരഞ്ഞെടുപ്പ് മെഷിനറി വര്‍ക്കുകളെ അതിജീവിച്ച തൃണമൂല്‍ 210 സീറ്റുകളാണ് പിടിച്ചെടുത്തത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു പോയെന്ന് മാത്രം. പത്തു വര്‍ഷം മുമ്പ് ഭൂമി പ്രശ്നത്തിലാണ് ഇടത് സര്‍ക്കാരിനെ താഴെയിറക്കി നന്ദിഗ്രാം മമതയ്ക്ക് അധികാരത്തിന് വഴിയൊരുക്കിക്കൊടുത്തത്. അന്ന് മമതയുടെ ഭാഗത്തായിരുന്നു സുവേന്ദു അധികാരി പിന്നീട് ബിജെപിയിലേക്ക് കൂടു മാറുകയും നന്ദിഗ്രാമില്‍ മമതയുടെ എതിരാളിയായി മത്സരിച്ച് അവരെ തോല്‍പ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു സുവേന്ദു അധികാരി ബിജെപിയുടെ ഭാഗമായത്. അന്നു തന്നെ സുവേന്ദുവിന്റെ തട്ടകത്തില്‍ അയാളെ നേരിടുമെന്ന് മമത പ്രഖ്യാപിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് തന്റെ പതിവ് സീറ്റായ കൊല്‍ക്കത്തയിലെ ഭവാനിപൂരിനെ വിട്ട് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. നന്ദിഗ്രാമില്‍ കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണമാണ് സുവേന്ദു അധികാരി പ്രചരണത്തില്‍ നടത്തിയത്.
മമതയെ ബീഗം എന്ന് പരിഹസിച്ച അധികാരി മമതയെ അധികാരത്തില്‍ എത്തിച്ചാല്‍ അവര്‍ ബംഗാളിലെ ഒരു ചെറു പാകിസ്താനാക്കി മാറ്റും എന്നായിരുന്നു പ്രചരണത്തിലെ ആക്ഷേപം. എന്നാല്‍ മണ്ണിന്റെ മകള്‍ വാദം ഉയര്‍ത്തിയാണ് മമത ബിജെപിയുടെ ആക്ഷേപത്തെ ചെറുത്തു നിന്നത്. നന്ദിഗ്രാമിലെ പ്രചരണത്തിനിടയില്‍ ചാന്ദിപഥില് വെച്ച് കാലിന് പരിക്കേറ്റ മമത പിന്നീട് വീല്‍ ചെയറിലായിരുന്നു പ്രചരണം നടത്തിയത്.






