
തിരുവനന്തപുരം: വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 104 ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം സൃഷ്ടിച്ചത് ചിരിയുടെയും സ്നേഹത്തിന്റെയും മാനവീകതയുടേയും വിശാലലോകമായിരുന്നു. ക്രൈസ്തവസഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയാചാര്യനാണ് ക്രിസോസ്റ്റം.
കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വര്‍ണ്ണനാവുള്ള വൈദികന് എന്ന് വിശേഷമുള്ള ക്രിസോസ്റ്റത്തെ 2018 ല്‍ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചിരുന്നു. വിടവാങ്ങിയത് സരസമായ പ്രസംഗത്തിലൂടെ എല്ലാവിധ ജനങ്ങളുടെയും മനസ്സില്‍ ഇടം പിടിച്ച ആത്മീയാചാര്യനാണ് മാര്‍ ക്രിസോസ്റ്റം. സംസ്ക്കാരം നാളെ മൂന്നു മണിയോടെ മാര്‍ത്തോമാ സഭയുടെ ആസ്ഥാനത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ നാളെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
1917 ഏപ്രില്‍ 27 ന് ജനിച്ച അദ്ദേഹം 1944 ലായിരുന്നു അദ്ദേഹം വൈദികനായി ചുമതലയേറിയത്. ചിരിയിലൂടെ ജീവിതത്തിലെ വലിയ സത്യങ്ങള്‍ സമൂഹത്തിന് നേരെ തിരിച്ചുവെച്ച കണ്ണാടിയായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി. വലിയ ഇടയനാണെങ്കിലും ചെറിയവര്‍ക്കിടയിലാണ് അദ്ദേഹത്തെ എപ്പോഴും കാണാനാവുക. മതങ്ങള്‍ക്ക് അതീതനായി എല്ലാ മതവിഭാഗക്കാര്‍ക്കും പ്രിയങ്കരമായ വ്യക്തിത്വമായിരുന്നു.
ജീവിതത്തില്‍ ചിരിയുടേയും സ്നേഹത്തിന്റെയും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ മത സാമുദായിക രാഷ്ട്രീയ സാമൂഹ്യമേഖലകളില്‍ പ്രവര്‍ത്തിച്ച അനേകര്‍ അദ്ദേഹത്തിന്റെ വിശാല സൗഹൃദ ലോകത്ത് എത്തി. യാതൊരു വേര്‍തിരിവുമില്ലാതെ പണ്ഡിതനെയും പാമരനെയും സമ്പന്നനെയും ദരിദ്രനെയും ഒരുപോലെ സ്നേഹം നല്കി മറ്റൊരു ലോകം സൃഷ്ടിച്ചു.
ലോകം ശ്രദ്ധിക്കാത്ത ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാനും കാണാത്ത കുഞ്ഞു കാഴ്ചകള്‍ പോലും നിരീക്ഷിക്കാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ക്രിസ്തുവാണ് ഏറ്റവും വലിയ വിപ്ലവകാരിയെന്ന് അദ്ദേഹം ക്രൈസ്തവ സമൂഹത്തെ പഠിപ്പിച്ചു. പുരോഹിതനപ്പുറത്ത് എഴുത്തുകാരനും ചിന്തകനും ഒക്കെയായി സ്വീകാര്യത ക്രൈസ്തവികതയ്ക്ക് അപ്പുറത്ത് വളര്‍ത്തിയെടുത്ത പ്രമുഖനായിരുന്നു ക്രിസോസ്സ്റ്റം. മതത്തിനും ആത്മീയതയ്ക്കും രാഷ്ട്രീയത്തിനും അപ്പുറത്ത് ചെറിയ വാക്കുകള്‍ കൊണ്ട് അദ്ദേഹം പലപ്പോഴും വലിയ സത്യത്തിലേക്ക് ആള്‍ക്കാരുടെ നോട്ടം എത്തിച്ചു.
വേദപുസ്തകം സ്വന്തം ശൈലിയില്‍ വര്‍ത്തമാന കാല സംഭവങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ ജനപ്രിയമാക്കി. ആത്മീയ ലോകത്ത് നര്‍മത്തിന്റെ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയനായിരുന്നു ക്രിസോസ്റ്റം. അദ്ദേഹം തുറന്നുവിട്ട ചിരികളുടെ അലകള്‍ സമൂഹത്തിലേക്ക് പടര്‍ന്നു കയറുന്നവയായിരുന്നു. മാര്‍ത്തോമ്മാക്കാര്‍ക്ക് മാത്രമല്ല എല്ലാ നല്ല മനുഷ്യരെയും അദ്ദേഹം ചിരിക്കാന്‍ പഠിപ്പിച്ചു. സഭയുടെ മേലധ്യക്ഷസ്ഥാനത്തു നിന്ന് ഒഴിഞ്ഞ 2007 മുതല്‍ വലിയ മെത്രാപ്പോലീത്തയായി മാറിയ ക്രിസോസ്റ്റം പിന്നീട് വിശാല സമൂഹത്തിലേക്ക് ലയിച്ചു ചേര്‍ന്നു.
സഭയുടെ പരമാധ്യക്ഷന്‍ എന്ന് അഭിസംബോധനയ്ക്ക് സഭയുടെ പരമാധ്യക്ഷന്‍ ക്രിസ്തുവാണെന്നും സഭാ പ്രതിനിധി മണ്ഡലത്തിനും ആസ്ഥാനമില്ലെന്നും അദ്ദേഹം പറയുമായിരുന്നു. സ്വര്‍ണ്ണം കെട്ടിയ നാവു കൊണ്ട് അദ്ദേഹം എല്ലാ മേഖലയിലെയും ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി. സോണിയാഗാന്ധിയും അടല്‍ബിഹാരി വാജ്പേയിയും പിണറായി വിജയനുമായും അദ്ദേഹം ഒരുപോലെ സ്നേഹം പങ്കിട്ടു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിമതികളും അതിര്‍ത്തികളും ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ വിശാല ലോകം തുറന്നിട്ട അദ്ദേഹം മാര്‍ത്തോമാ സഭയ്ക്ക് അപ്പുറത്ത് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വേര്‍പാട് സമൂഹത്തിന് ദു:ഖകരമായ അനുഭവമായി മാറുന്നത്.






