
തൃശൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്ള അക്കൗണ്ടും പൂട്ടിക്കെട്ടിയതോടെ എന്‍.ഡി.എയിലും പൊട്ടിത്തെറി. ബി.ജെ.പി.യില്‍ പുതുതായി ചേക്കേറിയ നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നതോടെ നേതൃത്വം വിഷമവൃത്തത്തില്‍. എന്‍.ഡി.എ. കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി സന്നദ്ധതയറിയിച്ചു. ബി.ജെ.പിയില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് വന്അഴിച്ചുപണിക്കും സാധ്യത.
കെ. സുരേന്ദ്രന് സംസ്ഥാനാധ്യക്ഷനായതോടെ യുവാക്കളുടെയും വിശ്വാസികളുടെയും വോട്ട് സമാഹരിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. സുരേന്ദ്രനെ ഉടന്‍ മാറ്റാനിടയില്ലെങ്കിലും നേതൃതലത്തില്‍ അഴിച്ചുപണിയുറപ്പായി. ബി.ജെ.പി. സംഘടനാ സെക്രട്ടറി സ്ഥാനത്തുനിന്നു ഗണേഷിനെ ആര്.എസ്.എസ്. പിന്‍വലിച്ചേക്കും. സംസ്ഥാനത്തു മൂന്നാംമുന്നണി ലക്ഷ്യമിട്ട ബി.ജെ.പിക്കു പ്രധാനകക്ഷികളെയൊന്നും ആകര്‍ഷിക്കാനായില്ല. ചേര്‍ന്ന കക്ഷികളില്‍ പലതും കൊഴിഞ്ഞു. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി തുടക്കംമുതല്‍ അസ്വാരസ്യങ്ങള്‍ നിലനിന്നു. പരസ്പരം കാലുവാരിയതായി ഇരുകക്ഷികളും സംശയിച്ചതോടെ ബന്ധം വഷളായി.
ഏറെക്കാലത്തിനുശേഷം മുന്നണിയിലേക്കു തിരികെവന്ന സി.കെ. ജാനുവും ഫലപ്രഖ്യാപനത്തിനു പിന്നാലെ അതൃപ്തി പരസ്യമാക്കി. സുല്‍ത്താന്‍ബത്തേരിയില്‍ ബി.ജെ.പി.യുടെ സഹകരണമുണ്ടായില്ലെന്നാണു വിമര്‍ശനം. ജാനുവിനെ ഒപ്പംനിര്‍ത്തി ദളിത്-ആദിവാസി വോട്ടുകള്‍ കൈക്കലാക്കാമെന്ന ബി.ജെ.പി.യുടെ പ്രതീക്ഷയും പാളി.
തൃപ്പൂണിത്തുറയില്‍ മത്സരിച്ച കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. രാധാകൃഷ്ണന്, പാലായില്‍ മത്സരിച്ച ഉപാധ്യക്ഷ ജെ. പ്രമീളാദേവി എന്നിവരും നേതൃത്വത്തിനെതിരേ രംഗത്തുവന്നു. ഇരുമണ്ഡലങ്ങളിലും ബി.ജെ.പിക്കു വോട്ട് ചോര്‍ന്നിരുന്നു. നേതൃത്വത്തോടു നീരസമുള്ള മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന്, മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി.കെ. പത്മനാഭന് എന്നിവരും അതൃപ്തി പരസ്യമാക്കി. പിണറായി വിജയനെതിരേ മത്സരിച്ച പത്മനാഭന് പിണറായിയെ പ്രകീര്‍ത്തിച്ചതും നേതൃത്വത്തിനു തലവേദനയായി.
ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്നും കെ. സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സാഹചര്യമില്ലായിരുന്നെന്നും പത്മനാഭന് തുറന്നടിച്ചു. എല്‍.ഡി.എഫ്. വിജയിച്ചതില്‍ പിണറായിയുടെ വ്യക്തിപ്രഭാവത്തിനു വലിയപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.






