
തിരുവനന്തപുരം: മുന്നണി മാറ്റത്തെ സംബന്ധിച്ച് തിടുക്കപ്പെട്ടു തീരുമാനം കൈക്കൊള്ളേണ്ടതില്ലെന്ന് ബി ഡി ജെ എസ് സംസ്ഥാന കൗൺസിൽ. ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തെ തുടർന്ന് ഉടനെ ഒരു തീരുമാനം കൈക്കൊള്ളേണ്ട എന്നും ഉചിതമായ തീരുമാനം എടുക്കുവാൻ ബി ഡി ജെ എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പാർട്ടി സംസ്ഥാന കൗൺസിൽ ചുമതലപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് സ്ഥാനാർത്ഥികളുടെ പരാജയത്തെ സംബന്ധിച്ച് അന്വേഷിക്കുവാൻ മൂന്നംഗ സമിതിയെ നിയോഗിക്കുവാനും സമിതി 15 ന് മുൻപ് സ്ഥാനാർത്ഥികളുടെ പരാതിയും വിശദമായ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കും. അത് ബി ജെ പി കേന്ദ്ര നേതൃത്വത്തെ രേഖാമൂലം അറിയിക്കുവാനും ശക്തമായ നടപടികൾ സ്വീകരിക്കുവാനും ആവശ്യപ്പെടും.
സംസ്ഥാന തിരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ മുഖ്യ സംയോജകനും,മണ്ഡലം സംയോജകൻമ്മാർക്കും എതിരെ ഗുരുതരമായ കൃത്യവിലോപവും തിരഞ്ഞെടുപ്പിൽ ഏകോപനം ഇല്ലായ്മയും ഉണ്ടായതായി കൗൺസിൽ പരാതി ഉയർന്നു. ഇവർക്ക് എതിരെ സംഘടനാ നടപടി ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തെ സമീപിക്കും.
പ്രകടന പത്രിക തയാറാക്കുന്നതിലും ബി ഡി ജെ എസ്സിനെ പൂർണ്ണമായും അവഗണിച്ചു. എൽ ഡി എഫും യു ഡി എഫും സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുകയും അവരുടെ ചിത്രങ്ങൾ അടക്കം തിരഞ്ഞെടുപ്പിൽ പരസ്യം ചെയ്തിട്ടും എൻ ഡി എ യുടെ മുഖ്യകക്ഷിയായ ബി ഡി ജെ എസ്സിൻ്റെ അസാന്നിധ്യവും ഒഴിവാക്കലും ബോധപൂർവ്വം ഉണ്ടായതായും കൗൺസിൽ വിലയിരുത്തി. മുഖ ചിത്രങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ മുഖ്യ സംയോജകന്റെ ഇടപെടൽ ഉണ്ടായതായും കൗൺസിലിൽ അഭിപ്രായം ഉയർന്നു. ബി ഡി ജെ എസ്സിന്റെ എല്ലാ മണ്ഡലങ്ങളിലും സ്റ്റാർ ക്യാമ്പയിനർമാരെ നല്കാത്തതിലും മുഖ്യ സംയോജകൻ്റെ ഇടപെടൽ ഉണ്ടായതായും കൗൺസിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാന കൗൺസിലിൽ ബി ഡി ജെ എസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പത്മകുമാർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, ഷാജി ബത്തേരി എന്നിവർ സംസാരിച്ചു. കൗൺസിലിൽ പങ്കെടുത്ത മറ്റ് അംഗങ്ങൾ ഗൂഗിൾ മീറ്റ് വഴി ചർച്ചയിൽ പങ്കെടുത്തു.






