ന്യുഡല്‍ഹി: ഛത്രാസല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മുന്‍ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ അടിയേറ്റു മരിച്ച കേസില്‍ ഗുസ്തിതാരം സുശീല്‍കുമാറിനെതിരെ ഡല്‍ഹി പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സാഗര്‍ കുമാര്‍ (23) കൊല്ലപ്പെട്ടത്.
സാഗര്‍ കുമാറിനെ ആക്രമിച്ചത് സുശീല്‍ കുമാറിന്റെ സംഘത്തിലെ ഗുസ്തിതാരങ്ങളാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ സുശീല്‍ കുമാര്‍ ഇത് നിഷേധിച്ചു. സുശീല്‍ കുമാറിനെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ തേടി വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം കടന്നുകളഞ്ഞിരുന്നുവെന്നും നോര്‍ത്ത്-വെസ്റ്റ് അഡീഷണല്‍ ഡിസിപി ഡോ.ഗുരിഖ്ബാല്‍ സിംഗ് പറയുന്നു.
രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് സുശീല്‍ കുമാര്‍. സുശീല്‍ കുമാറിനും സംഘത്തിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. സ്റ്റേഡിയത്തിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് സുശീല്‍ കുമാര്‍, അജയ് പ്രിന്‍സ്, സോനു, സാഗര്‍, അമിത് എന്നിവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. സുശീല്‍ കുമാറുമായി ബന്ധമുള്ള ഒരുവീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഇവരോട് എത്രയും വേഗം വീട് ഒഴിയണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചത്രാസല് സ്റ്റേഡിയത്തില്‍ നിന്നെത്തിയ ഫോണ്‍കോളിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നതും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതും.
ഡല്‍ഹി പോലീസിലെ ഒരു കോണ്‍സ്റ്റബിളിന്റെ മകനാണ് കൊല്ലപ്പെട്ട സാഗര്‍ കുമാര്‍. സോനു മഹല്‍ (33), അമിത് കുമാര്‍ (27) എന്നിവര്‍ക്ക പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സ് ദലാല്‍ (24) എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് ഒരു ഇരട്ടക്കുഴല്‍ തോക്കും പിടിച്ചെടുത്തു. ഗുണ്ടാ നേതാവ് കലാ ജാതേദിയുമായി അടുത്ത ബന്ധമുള്ളയാളാണ് സോനു മഹല്‍ . കലാ ജതേദിയെ കൊള്ളയും കൊലപാതകവുമുള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.






