
ന്യൂഡൽഹി: രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഇനി മുതല്‍ ദൗത്യ സംഘം കൂടി വിലയിരുത്തും. ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറണം. ഓക്സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്ക് ഫോഴ്സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍.
രോഗവ്യാപനം തീവ്രമാകുമ്പോള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന് ഡ്രഗ്സ് കണ്ട്രോളര് അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. എന്നാൽ പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ മികച്ച ഫലപ്രാപ്തി തെളിയിച്ച മരുന്ന് എപ്പോള്‍ വിതരണത്തിന് സജ്ജമാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മാതൃവകഭേദത്തേക്കള്‍ പ്രഹരശേഷിയും വ്യാപനതീവ്രതയുമുള്ള മൂന്ന് ഉപവകഭേദങ്ങള്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയേക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തേയും കാഴ്ച ശക്തിയേയും ബാധിക്കാനിടയുള്ള ഫംഗല്‍ബാധ പ്രമേഹരോഗികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.






