
കണ്ണൂര്‍ : മന്ത്രിസഭയില്‍ സി.പി.എം. മന്ത്രിമാരില്‍ മുഖ്യമന്ത്രിയൊഴികെ പുതുമുഖങ്ങള്‍ മാത്രമാകണമെന്ന നിര്‍ദേശം ഉയര്‍ന്നതിനു പിന്നില്‍ കെ.കെ. ശൈലജയെ വെട്ടിനിരത്താനുള്ള ആസൂത്രിത നീക്കമെന്നു സൂചന.
കണ്ണൂര്‍ സി.പി.എം. നേതൃത്വത്തില്‍ ശൈലജയ്ക്കെതിരേ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും നീക്കത്തിനു പിന്നിലുണ്ട്. ജനപ്രീതിയും പ്രതിഛായയും ഉപയോഗപ്പെടുത്തി ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്ന നിര്‍ദേശം സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനായി ശൈലജ കടുംപിടിത്തം നടത്തുകയായിരുന്നു. ഇത് കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരിലെ ഉന്നത നേതാക്കള്‍ ശൈലജയ്ക്കെതിരേ നടത്തുന്ന ആസൂത്രിതനീക്കമാണ് മന്ത്രിസഭയിലെ പുതുമുഖ നിബന്ധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശൈലജയെ മാറ്റിനിര്‍ത്തുന്നത് തുടക്കത്തിലേ രണ്ടാം പിണറായി മന്ത്രിസഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുമെന്നതിനാല് ഈ നിര്‍ദേശത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പിന്തുണ ലഭിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ശൈലജയും എം.വി. ഗോവിന്ദനും മന്ത്രിയാകുന്നതോടെ കണ്ണൂര്‍ കേന്ദ്രീകരിച്ചു മന്ത്രിസഭയിലെ രണ്ടാം സ്ഥാനമാര്ക്കെന്നത് സംബന്ധിച്ച് അധികാര വടംവലിക്കും സാധ്യതയുണ്ട്. ഇ.പി. ജയരാജനും പി. ജയരാജനും മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ ഔദ്യോഗിക പക്ഷ നേതാക്കള്‍ക്കിടയില്‍ കാര്യമായ വിള്ളല്വീണിട്ടുണ്ട്.
പിണറായി കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമനായ കോടിയേരി ബാലകൃഷ്ണനും പിണറായിയുമായി ഏറ്റവും അടുപ്പമുള്ള ഇ.പി. ജയരാജനും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ പാര്‍ട്ടിയില്‍ പുതിയ ശക്തമായ അധികാര കേന്ദ്രം രൂപപ്പെട്ടുവരുന്നതിനെതിരേ ഇരുവരും ഒരുമിച്ച് നീങ്ങാനാണ് സാധ്യത.
ജനപ്രീതികൊണ്ട് അത് മറികടക്കാന്‍ കെ.കെ. ശൈലജയ്ക്ക് സാധിക്കുമോ എന്നാണ് കണ്ണൂരിലെ സി.പി.എം. രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എം.വി. ഗോവിന്ദന് എന്നിവരാണ് കണ്ണൂരില്‍നിന്നുള്ള സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍. പാര്‍ട്ടി മേല്‍ കമ്മറ്റിയിലെ ഈ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ക്ക് ശൈലജയുടെ മന്ത്രിസ്ഥാനത്തില്‍ പ്രധാന്യമുണ്ട്. ഈ നേതാക്കള്‍ തമ്മില്‍ പല കാര്യങ്ങളിലും അവിശ്വാസമുണ്ട്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ട കെ.കെ. ശൈലജ 2016ല്‍ ഉറച്ച മണ്ഡലം തന്നെ ലഭിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു.തന്റെ വീടുള്‍പ്പെടുന്ന മട്ടന്നൂര്‍ ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങള്‍. എന്നാല്‍, ആ നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് ഇ.പി. ജയരാജന് വീണ്ടും മട്ടന്നൂരില്‍ മത്സരിച്ചത്.
ഇ.പിക്കെതിരേ പരസ്യനീക്കം നടത്തിയ കെ.കെ. ശൈലജയ്ക്കു യു.ഡി.എഫ്. മേധാവിത്വമുള്ള പേരാവൂര്‍ മണ്ഡലം നല്‍കിയാണ് എതിര്‍ചേരി ഞെട്ടിച്ചത്. എന്നാല്‍, കടുത്ത സമ്മര്‍ദം നടത്തി ശൈലജ കൂത്തുപറമ്പ് മാറ്റിവാങ്ങി ജയിച്ചു മന്ത്രിയാവുകയായിരുന്നു.






