
അധോലോക നായകന് വിന്‍സെന്റ് ഗോമസിനും പത്രപ്രവര്ത്തകന് കൃഷ്ണമൂര്‍ത്തി എന്ന ജി.കെയ്ക്കും ഇന്നും മലയാള സിനിമാപ്രേമികളുടെ നെഞ്ചില്‍ സ്ഥാനമുണ്ട്. മലയാളത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയില്‍ പെട്ട ആക്ഷന്ഹീറോകളും സൂപ്പര്‍താരങ്ങളുമൊക്കെയായി മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മലയാളസിനിമാവേദിയില് കസേര അരക്കിട്ടുറപ്പിച്ച കഥാപാത്രങ്ങളായിരുന്ന ഇവ രണ്ടും സൃഷ്ടിച്ചതാകട്ടെ ഡെന്നീസ് ജോസഫ് എന്ന മാന്ത്രികനായ തിരക്കഥാകൃത്തും.
കരിയറില്‍ തിരിച്ചടി നേരിട്ട കാലത്ത് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തിരിച്ചുവരവിന് അവസരം നല്കിയ കഥാപാത്രങ്ങളായിട്ടാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഡെന്നീസ് ജോസഫ് എന്ന മാന്ത്രിക തിരക്കഥാകൃത്തിന്റെ തൂലികയില്‍ പിറന്നുവീണ ഈ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നെറുകയില്‍ വലിച്ചിട്ട കസേരകള്‍ പിന്നീട് ഇളകിയിട്ടേയില്ലെന്നതാണ് ചരിത്രം. രാജാവിന്റെ മകനിലൂടെ മോഹന്‍ലാലും ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിയും പിന്നീട് മലയാള സിനിമയില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ തലമുറയില്‍പെട്ട ആക്ഷന്ഹീറോകളായും എല്ലാത്തരം കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സൂപ്പര്സ്റ്റാറുകളിലേക്കും വളരാന്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
മമ്മൂട്ടിയ്ക്ക് സൂപ്പര്‍താര പരിവേഷം സൃഷ്ടിച്ചുകൊടുത്ത സിനിമകളായി വിലയിരുത്തപ്പെടുന്ന ന്യൂഡല്‍ഹിയും നിറക്കൂട്ടും ഡെന്നീസിന്റെ തൂലികയില്‍ നിന്നുമായിരുന്നു. നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്, മനുവങ്കിള്‍ തുടങ്ങി മമ്മൂട്ടിയ്ക്ക് വേണ്ടി പിന്നീടും അനേകം കഥാപാത്രങ്ങളെ ഡെന്നീസ് ജോസഫ് സൃഷ്ടിച്ചു. മോഹന്‍ലാലിന്റെ രാജാവിന്റെ മകനും വഴിയോരകാഴ്ചകളും ഭൂമിയിലെ രാജാക്കന്മാരുമൊക്കെയായി മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷടിച്ചു. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് തിരിച്ചടി നേരിട്ട് ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമായി വന്ന ഘട്ടത്തിലായിരുന്നു ന്യൂഡല്‍ഹിയിലൂടെ ഡെന്നീസ് ജോസഫ് സൃഷ്ടിച്ച ജി.കെ. എന്ന പ്രതികാര ദാഹിയായ പത്രപ്രവര്ത്തകന് മമ്മൂട്ടിക്ക് പുതുജീവനായത്.
തിരിച്ചടികളുമായി കരിയറില്‍ മോശം കാലത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഡെന്നീസിന്റെ വിന്റ്സെന്റ് ഗോമസ് എന്ന അധോലോക നായക കഥാപാത്രത്തിലൂടെ മോഹന്‍ലാലിന്റെ ഉജ്വല തിരിച്ചുവരവ് കണ്ടത്. ഇപ്പോഴും ടെലിവിഷനില്‍ രാജാവിന്റെ മകനും ന്യൂഡല്‍ഹിയും ആള്ക്കാര് സിനിമ ആസ്വദിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു പങ്ക് ഡെന്നീസ് ജോസഫിനും അവകാശപ്പെട്ടതാണ്. 80 കളിലും 90 കളിലും മലയാള സിനിമകളുടെ കഥാ രീതികളില്‍ തന്നെ വ്യത്യാസം കൊണ്ടുവന്ന തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മലയാള സിനിമകള്‍ സഞ്ചരിച്ച പതിവ് പാതയില്‍ നിന്നും തന്റെ നായകന്മാരെ ഡെന്നീസ് ജോസഫ് മാറ്റി നടത്തി.
രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയില്‍പ്പെട്ട ആക്ഷന്‍ ഹീറോകളെയും സൃഷ്ടിച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും താരമ്യൂല്യം ഉയര്‍ത്തിയ ഒട്ടേറെ ചിത്രങ്ങളാണ് ഡെന്നീസിന്റെ പേനയില്‍ നിന്നും പിറവിയെടുത്തത്. ആക്ഷന്‍ നായകനായി മമ്മൂട്ടിയ്ക്ക് മറ്റൊരു പരിവേഷം സൃഷ്ടിച്ച കോട്ടയം കുഞ്ഞച്ചനും മനുവങ്കിളും ഡെന്നീസിന്റേതായിരുന്നു. ആരേയും കൂസാത്ത തമാശക്കാരനായി മമ്മൂട്ടി അഭിനയത്തിന്റെ മറ്റൊരു അനായാസത കാട്ടിയ സിനിമകളായിരുന്നു ഇവ. അതുപോലെ തന്നെ എന്തും ചെയ്യാന്‍ മടി കാട്ടാത്ത ക്രൂരനായ വിന്‍സെന്റ് ഗോമസില്‍ നിന്നും ഏറെ അകലെ നില്‍ക്കുന്നതായിരുന്നു മോഹന്‍ലാല്‍ നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ ചെയ്ത ടോണി കുരിശിങ്കലും.
മലയാളത്തിലെ വമ്പന്‍ യാദൃശ്ചികമായിട്ടാണ് രാജാവിന്റെ മകനില്‍ മോഹന്‍ലാലും നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടിയും എത്തിയത്. മമ്മൂട്ടിയ്ക്ക് വേണ്ടി ആലോചിച്ച കഥാപാത്രമായിരുന്നു വിന്‍സെന്റ് ഗോമസ്. എന്നാല്‍ മമ്മൂട്ടിയ്ക്ക് അസൗകര്യം വന്നപ്പോള്‍ മോഹന്‍ലാല്‍ കഥാപാത്രത്തിലേക്ക് എത്തുകയായിരുന്നു. നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ ട്രെയിനില്‍ കയറുന്ന സെലിബ്രിട്ടിയായി മമ്മൂട്ടി എത്തിയതും യാദൃശ്ചികമായിരുന്നു. മനുവങ്കിളില് മോഹന്‍ലാലും അതിഥി കഥാപാത്രമായി.






