
വാഷിങ്ടൺ: യു.എസിലെത്തിയ ഇന്ത്യൻ യാത്രക്കാരന്റെ ബാഗേജിൽ കണ്ടെത്തിയ ചാണകവറളി ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. വാഷിങ്ടണിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം.
ഏപ്രിൽ നാലിന് യു.എസിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് രണ്ട് ചാണകവറളി കണ്ടെടുത്തതെന്ന് അധികൃതർ പറഞ്ഞു.
ചാണകവറളി കൊണ്ടുവരുന്നതിന് യു.എസിൽ നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. കുളമ്പ് രോഗം പകരാൻ ചാണകം കാരണമാകുമെന്നതിനാലാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇത് മറികടന്നാണ് യാത്രക്കാരൻ ചാണകവറളിയുമായി ഇന്ത്യയിൽ നിന്ന് യു.എസിലെത്തിയത്.
യു എസ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ചാണകവറളികൾ പിടികൂടി നശിപ്പിച്ചത്.
കുളമ്പ് രോഗം കന്നുകാലി കർഷകരെ ഏറെ ഭീതിയിലാഴ്ത്തുന്ന അസുഖമാണെന്നും ഇത് ഭീഷണിയാണെന്നും സാമ്പത്തിക പ്രത്യാഘാതത്തിന് വരെ കാരണമാകുമെന്നുമാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ(സി.ബി.പി.) ആക്ടിങ് ഡയറക്ടർ കെയ്ത് ഫ്ളെമിങ് പറയുന്നത്.






