പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ വൻ സാമ്പത്തിക തട്ടിപ്പ്. എട്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ബാങ്കിലെ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് ഇത്രയും തുക തട്ടിയത്.
ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന് പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പണം പിന്‍വലിക്കാന്‍ അനുമതി നല്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജീഷ് വര്‍ഗീസ് മുൻപ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.






