
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കെ കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മികച്ചമന്ത്രിമാരില് ഒരാളെന്ന പേര് കേട്ട കെ.കെ. ശൈലജയ്ക്ക് ധനവകുപ്പ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പിണറായി വിജയന് കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരിയെന്ന നിലയിലും സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരിക്കും പുതിയ ടീമിന്റെ കാര്യത്തിൽ നിർണായകം. നിലവിലെ സിപിഎം മന്ത്രിമാരിൽ കെ.കെ. ശൈലജ മാത്രമേ മന്ത്രിസഭയില്‍ ഉണ്ടാകൂ എന്നും വിവരമുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം വഹിച്ച എംഎം മണി, ടി.പി. രാമകൃഷ്ണന് എന്നിവരെയും ഒഴിവാക്കിയേക്കുമെന്നാണ് വിവരങ്ങള്‍. സിപിഎമ്മിലെയും സിപിഐ യിലെയും മന്ത്രിമാരെ ഒഴിവാക്കി തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതുമുന്നണി ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയേക്കും.
സിപിഎം മന്ത്രിമാരാക്കുന്ന 12 ല്‍ എട്ടു പേരും പുതുമുഖങ്ങളാകും. കെ.കെ. ശൈലജയ്ക്ക് പുറമേ വനിതാ വിഭാഗത്തില്‍ വീണാ ജോർജ്, കാനത്തിൽ ജമീല, ആർ.ബിന്ദു എന്നിവരിൽ ഒരാള്‍ കൂടി മന്ത്രിയായേക്കും എന്നും വിവരമുണ്ട്. മുന്ന് മന്ത്രിമാരെ പരിഗണിച്ചാല്‍ ഇവര്‍ക്ക് മൂന്നിനും സാധ്യതയുണ്ടാകും. രണ്ടു വനിതാ മന്ത്രിമാരും ഒരു വനിതാ സ്പീക്കറും എന്ന ആശയം കൂടി സിപിഎമ്മിന് മുന്നിലുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.ടി. ജലീലിന്റെ പേരുമുണ്ടെങ്കിലും ഘടകകക്ഷി നേതാവ് എന്ന നിലയില്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അധികാരം പുതിയ തലമുറയിലേക്ക് കൈമാറാനുള്ള പിണറായി വിജയന്റെ ദീര്‍ഘവീക്ഷണമായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത്. അതേസമയം പ്രവര്‍ത്തി പരിചയമുള്ളവരുടെ എണ്ണം കുറവാണെന്നതിനാല്‍ നിലവില്‍ ഒരു സ്ഥാനവും വഹിക്കാത്ത കോടിയേരി ബാലകൃഷ്ണനെ കൂടി പരിഗണിക്കുന്നതായും ചില അഭ്യൂഹങ്ങളുണ്ട്. മത്സരിക്കാതെ ഇ.കെ.നായനാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച പാരമ്പര്യം 1996 ൽ സിപിഎമ്മിനുണ്ട്. എന്നാല്‍ അതിന് ശേഷം എംഎല്‍എമാര്‍ അല്ലാത്തരെ മന്ത്രിസ്ഥാനത്തേക്ക് ഇരുത്തിയിട്ടില്ല.
നിലവില്‍ ചികിത്സാര്‍ത്ഥം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് കോടിയേരി. നിര്‍ണ്ണായക വകുപ്പുകളില്‍ ഒന്ന് കേരള കോൺഗ്രസിന് (എം) ന് നല്‍കിയേക്കും. നിലവിലെ സാഹചര്യത്തില്‍ സിപിഎം പൊതുമരാമത്ത് വിട്ടുകൊടുത്തേക്കും. റോഷി അഗസ്റ്റിനെയാകും മിക്കവാറും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക. ജയരാജിന് ചീഫ് വിപ്പ് പദവിയും നല്‍കിയേക്കും. കൃഷി, ഭക്ഷ്യ, പൊതുമരാമത്ത് വകുപ്പ് എന്നിവയില്‍ ഒന്നാണ് കേരളാകോണ്‍ഗ്രസ് ചോദിച്ചിട്ടുള്ളത്. പുതിയ കക്ഷികൾക്കായി സിപിഐ വനം വകുപ്പ് വിട്ടുകൊടുക്കുമെന്ന് സൂചനയുണ്ട്.






