
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പാര്ട്ടിവിപ്പാകും. എം.ബി. രാജേഷ് സ്പീക്കറാകുമെന്നാണ് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഷൈലജ ഇല്ല. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും എല്ലാ മന്ത്രിസ്ഥാനത്തേക്കും പുതുമുഖങ്ങളെ പരിഗണിച്ചതോടെ ഷൈലജയെ ഒഴിവാക്കി.
ആദ്യമായി നിയമസഭയില്‍ എത്തിയ എംബി രാജേഷാകും സ്പീക്കര്‍. എംവി.ഗോവിന്ദന്, വി. അബ്ദുറഹിമാന്, ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസ്, വീണാജോര്‍ജ്ജ്, കെ. രാധാകൃഷ്ണന്, വി.ശിവന്‍കുട്ടി, ആര് ബിന്ദു, സജി ചെറിയാന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചിരിക്കുന്നത്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ. ഷൈലജ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. വകുപ്പുവിഭജനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായിട്ടില്ലെങ്കിലും ആഭ്യന്തരം മുഖ്യമന്ത്രി തന്നെ നിര്വ്വഹിച്ചേക്കുമെന്നാണ് വിവരം. കെ.കെ.ഷൈലജയ്ക്ക് പകരമായി മന്ത്രിസഭയിലേക്ക് എത്തുന്നത് ആര്. ബിന്ദുവാണ്.
ഇരിങ്ങാലക്കുടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആര് ബിന്ദുവാണ്. തൃശൂര്‍ മുന്‍ മേയറും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയുമാണ്. രണ്ടാം തവണ ആറന്മുളയില് നിന്നും ജയിച്ചു കയറിയ വീണാജോര്‍ജ്ജും മന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം ഒഴികെ എല്ലാ മന്ത്രിസ്ഥാനത്തേക്കും പുതുമുഖങ്ങളെ പരിഗണിക്കാനുള്ള തീരുമാനമാണ് ഷൈലജയെയും ഒഴിവാക്കുന്നതിലേക്ക് എത്തിച്ചത്.
കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന എം.എം. മണിയും രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവരെ ഇത്തവണ പരിഗണിച്ചിരുന്നില്ല. ഇത്തവണ മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിമാരില്‍ നിന്നും പിണറായിയും കെ.കെ. ഷൈലജയും മാത്രമേ ഉണ്ടാകു എന്നായിരുന്നു നേരത്തേ പുറത്തു വന്ന വിവരം.
ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. പിണറായി ഒഴികെ മന്ത്രിസഭയിലെ മുഴുവന്‍ പേരും പുതുമുഖങ്ങളാകട്ടെ എന്ന നിലപാട് സംസ്ഥാന സമിതിയില്‍ ഉയരുകയായിരുന്നു. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാകുമ്പോള്‍ ഷൈലജയെ മാത്രം എങ്ങിനെ പരിഗണിക്കും എന്ന രീതിയിലുള്ള അഭിപ്രായം പുറത്തു വരികയായിരുന്നു. ഐക്യകണേ്ഠ്യനെയാണ് തീരുമാനം എടുത്തതെന്നാണ് നേതാക്കള്‍ പറയുന്നത്.






