
ഗാസ : അതിര്‍ത്തി കടന്നുള്ള ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ് നിര്‍ത്തുമെന്നും അവര്‍ അറിയിച്ചു. ഹമാസിനെതിരെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്നത്.
ഇതിനിടെയാണ് ലെബനനിലെ അല്‍ മയദീന്‍ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് മൂസ്സ അബു മര്‍സൂക്ക് ഒന്നോ രണ്ടോ ദിവസത്തിനകം വെടി നിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞത്. ഇസ്രായേലുമായുളള കരാറിന്റെ അടിസ്ഥാനത്തിലാകും പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട് .ഇസ്രായേല്‍ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്നലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം ഇസ്രയേല്‍ പൗരന്മാര്ക്ക് സുരക്ഷ ഉറപ്പാക്കുന്നതു വരെ പോരാടുമെന്ന ദൃഢനിശ്ചയത്തിലാണ് താനെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു . ഗാസയുടെ വടക്ക് ഭാഗത്തുള്ള ഹമാസിന്റെ പ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് നൂറിലധികം വ്യോമാക്രമണങ്ങളാണ് ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയത്.






