
കോഴിക്കോട്: ജില്ലയിൽ പത്ത് പേര്ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് ഇന്നുതന്നെ മരുന്നെത്തിക്കും. കോഴിക്കോട് ജില്ലയില് നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില് മെഡിക്കല് കോളേജില് ചികിത്സയിലുള്ളത്. കൂടുതല് രോഗികള് ജില്ലയിലേക്ക് ചികിത്സതേടി എത്തുന്നതുകൊണ്ടാണ് അടിയന്തരമായി മരുന്നെത്തിക്കാന് ജില്ലാ കളക്ടര് വിളിച്ച യോഗത്തില് ധാരണയായത്.
മരുന്നുകള് കരിഞ്ചന്തയില് എത്തുന്നത് തടയാന് രോഗികളുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്നിന് ആവശ്യപ്പെടുന്നത്. രോഗം സ്ഥിരീകരിച്ചവരില് നാലുപേര്ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞദിവസം എത്തിയവരടക്കം ആറുപേരെ വരുംദിവസങ്ങളില് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. രോഗം ബാധിച്ചവരില് പലരും കോവിഡ് പോസിറ്റീവായവരാണ്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല് മാത്രമേ കണ്ണിന്റെ ഞരമ്പുകളെ എത്രമാത്രം രോഗം ബാധിച്ചുവെന്ന് പറയാനാകൂ. ഇതനുസരിച്ചാണ് കണ്ണ് നീക്കംചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഇ.എന്.ടി. വിഭാഗം ഡോക്ടര്മാര് അറിയിച്ചു.
കോവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള് ഉപയോഗിക്കുമ്പോള് രക്തത്തില് പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകള് ഉപയോഗിച്ചില്ലെങ്കില് അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാല് സ്റ്റിറോയ്ഡ് മരുന്നുകള് ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടര്മാര് പറയുന്നത്.







Comments