
ജിദ്ദ: സൗദിയിൽ പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തും. ചില പള്ളികളിൽ നമസ്കാരവേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും ഇതു പരിസരത്തെ വീടുകളിൽ കഴിയുന്ന രോഗികൾക്കും പ്രായമായ ആളുകൾക്കും ബുദ്ധിമുട്ടാകുന്നതായി കണ്ടതിനെ തുടർന്നാണ് തീരുമാനം.
ശബ്ദത്തിന്റെ തോത് ഉപകരണത്തിന്റെ മൂന്നിലൊന്ന് ഡ്രിഗി കവിയരുതെന്നും തീരുമാനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇമാമുമാരുടെ ശബ്ദം പുറത്തേക്ക് കേൾക്കുന്നത് വീടുകളിൽ വെച്ച് നമസ്കരിക്കുന്നവർക്കിടയിൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകാറുണ്ടെന്നും ശ്രദ്ധയിപ്പെട്ടതിനാലാണ് തീരുമാനം.
പള്ളികളിലെ ജീവനക്കാരെ ഇക്കാര്യമറിയിക്കാൻ രാജ്യത്തെ വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച് ഓഫിസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് നിർദേശം നൽകി.






