
ന്യൂഡൽഹി: റഷ്യൻ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വിയുടെ ഉല്പാദനം ഇന്ത്യയിൽ ആരംഭിച്ചു. ഡൽഹിയിലെ പനെസീ ബയോടെക്കാണ് വാക്സിൻ നിർമിക്കുന്നത്. റഷ്യൻ ഡയറക്ടറ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡൽഹിയിലെ പനെസീ ബയോടെക്കുമായി ചേർന്ന് പ്രതിവർഷം 10 കോടി ഡോസ് ഉല്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പനെസീയിൽ നിർമിക്കുന്ന ആദ്യ ബാച്ച് വാക്സിൻ ഗുണനിലവാര പരിശോധനയ്ക്കായി മോസ്കോ ഇൻസ്റ്റിറ്റ്യൂട്ടായ ഗമേലിയയിലേക്ക് അയയ്ക്കും.
ഇന്ത്യൻ വാക്സിൻ നിർമാതാക്കളുടെ അടിസ്ഥാനസൗകര്യങ്ങൾ ജിഎംപി മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും നേരത്തേ തന്നെ ലോകാരോഗ്യസംഘടനയുടെ യോഗ്യത നേടിയിട്ടുളളതായണെന്നും ആർഡിഐഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. പനെസീ ബയോടെക്കിന്റെ പങ്കാളിത്തത്തോടെ വാക്സിൻ ഉല്പാദനം ഇന്ത്യയിൽ ആരംഭിക്കുന്നത് രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പോരാട്ടത്തെ സഹായിക്കുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണ്. കോവിഡ് വ്യാപനത്തെ മറികടക്കാനുളള ഇന്ത്യൻ അധികൃതരുടെ ശ്രമങ്ങൾക്ക് കരുത്തുപകരാനും വേഗത്തിലാക്കാനും ഇത് സഹായിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് വാക്സിൻ കയറ്റുമതി ചെയ്യുമെന്നും ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രിയേവ് പറഞ്ഞു.
ഡോ.റെഡ്ഡീസിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 12-നാണ് സ്പുട്നിക് Vന്റെ അടിയന്തര ഉപയോഗത്തിന് രാജ്യം അനുമതി നൽകുന്നത്. ഇന്ത്യയിലെ വാക്സിന്റെ ബ്രാൻഡ് കസ്റ്റോഡിയനായ ഡോ.റെഡ്ഡീസ് ഉൾപ്പടെ അഞ്ച് ഇന്ത്യൻ കമ്പനികളുമായാണ് ആർഡിഐഫ് കരാർ ഉണ്ടാക്കിയിരുന്നത്.
വർഷാവസാനമാകുന്നതോടെ 850 മില്യൺ ഡോസ് വാക്സിൻ ഉല്പാദനം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാർ.
ഡോ. റെഡ്ഡി ലബോറട്ടറി ഇറക്കുമതി ചെയ്ത വാക്സിനാണ് ഇപ്പോൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.






